office-
തമ്മനം വൈലോപ്പിള്ളി റോഡിൽ അപകടാവസ്ഥയിലായ ജില്ല മെഡിക്കൽ ഓഫീസ് കെട്ടിടത്തിന്റെ ഉൾഭാഗം

കൊച്ചി: ഭാരതീയ ചികിത്സാവിഭാഗം ജില്ലാ മെഡിക്കൽ ഓഫീസിന് വേണം അടിയന്തരചികിത്സ. 2018ൽ എൽ.എസ്.ജി.ഡി എക്സിക്യുട്ടീവ് എൻജിനിയർ 'അൺഫിറ്റെന്ന്' വിധിയെഴുതിയ തമ്മനം വൈലോപ്പിള്ളി റോഡിലെ പഴയ കെട്ടിടത്തിലാണ് ഡി.എം.ഒയും ഉദ്യോഗസ്ഥരും ജീവൻ പണയപ്പെടുത്തി ജോലിചെയ്യുന്നത്.

മെഡിക്കൽ ഓഫീസിന് സ്വന്തമായി കെട്ടിടം നിർമ്മിക്കാൻ 2015ൽ സംസ്ഥാന സർക്കാർ 1.10കോടിരൂപ അനുവദിച്ചെങ്കിലും പലകാരണങ്ങളാൽ ചെലവഴിക്കപ്പെട്ടില്ല. ആദ്യം പൊതുമരാമത്ത് വകുപ്പിന് കൈമാറിയ തുക 2019ൽ തിരികെവാങ്ങി ജില്ലാ പഞ്ചായത്തിനെ എൽപ്പിച്ചു. ജില്ലാ ആശുപത്രികളും അനുബന്ധ ഓഫീസുകളും ജില്ലാ പഞ്ചായത്തിന് കീഴിലായതുകൊണ്ടാണ് പൊതുമരാമത്ത് വകുപ്പിനെ ഒഴിവാക്കിയത്. അഞ്ചുവർഷത്തോളം ഇതിന്മേൽ അടയിരുന്ന ജില്ലാ പഞ്ചായത്ത് ഈവർഷമാണ് കെട്ടിടനിർമ്മാണത്തിനുള്ള പ്രാരംഭ നടപടികളെങ്കിലും ആരംഭിച്ചത്. നടപടിക്രമങ്ങൾ പൂർത്തീകരിച്ച് കെട്ടിടം നിർമ്മിക്കാൻ കുറഞ്ഞത് രണ്ടുവർഷമെങ്കിലും എടുക്കും. അതുവരെ നിലവിലുള്ള കെട്ടിടത്തിൽ ഓഫീസ് പ്രവർത്തിക്കുന്നത് അപകടമാണെന്ന് ജീവനക്കാ‌ർ പറയുന്നു.

പഴയ കെട്ടിടത്തിൽനിന്ന് ഓഫീസ് മാറ്റണമെന്ന മുറവിളി ന്യായമെന്ന് കണ്ടെത്തിയ സംസ്ഥാന സർക്കാരും ആയുഷ് വകുപ്പും കളക്ടറും ജീവനക്കാർക്ക് അനുകൂല നിലപാട് സ്വീകരിച്ചെങ്കിലും ജില്ലാ പഞ്ചായത്തിന്റെ കടുംപിടിത്തം കാരണം തീരുമാനമുണ്ടായില്ല.

2007ൽ ആശുപത്രിക്ക് പുതിയ കെട്ടിടം നിർമ്മിക്കാൻ പഴയകെട്ടിടം പൊളിച്ചപ്പോൾ ആശുപത്രി തൃപ്പൂണിത്തുറയിലേക്കും ഡി.എം.ഒ ഓഫീസ് തമ്മനത്തേക്കും മാറ്റി. കച്ചേരിപ്പടിയിൽ കെട്ടിടനിർമ്മാണം പൂർത്തിയായപ്പോൾ ആശുപത്രി തൃപ്പൂണിത്തുറയിൽനിന്ന് തിരികെവന്നു. ഭരണവിഭാഗത്തിന് പുന:പ്രവേശനം അനുവദിച്ചുമില്ല. ഇതേത്തുടർന്നാണ് സ്വന്തം കെട്ടിടം നിർമ്മിക്കാൻ 2015-16 സാമ്പത്തികവർഷമാണ് രണ്ടു ഗഡുക്കളായി തുക അനുവദിച്ചത്.

സർക്കാർ കാര്യം മുറപോലെ

അൺഫിറ്റെന്ന് 2018ൽ വിധിയെഴുതിയ കെട്ടിടം

ജോലി ചെയ്യുന്നത് 18 ജീവനക്കാർ

2015ൽ സർക്കാർ 1.10കോടിരൂപ അനുവദിച്ചു

9 വർഷം കഴിഞ്ഞിട്ടും പണം ചെലവഴിച്ചില്ല

സ്വന്തമായി കെട്ടിടം നിർമ്മിക്കുന്നതുവരെ കച്ചേരിപ്പടിയിലെ ജില്ലാ ആയുർവേദ ആശുപത്രിയിലേക്ക് ഡി.എം ഓഫീസ് മാറ്റണമെന്നാണ് ജീവനക്കാർ മുന്നോട്ടുവയ്ക്കുന്ന നിർദ്ദേശം. മുമ്പ് ജില്ലാ ആയുർവേദ ആശുപത്രിയും ഡി.എം.ഒ ഓഫീസും ഒരുസ്ഥലത്താണ് പ്രവർത്തിച്ചിരുന്നത്.