
പറവൂർ: മഴ കുറഞ്ഞതോടെ പുതിയ ദേശീയപാത മൂത്തകുന്നം - ഇടപ്പിള്ളി റീച്ച് നിർമ്മാണ പ്രവർത്തനങ്ങൾ വീണ്ടും സജീവമാകുന്നു. നിർമ്മാണ സാമഗ്രികളുടെ അപര്യാപ്തതയുണ്ടെങ്കിലും 2025 ഡിസംബറിൽ തന്നെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുകയാണ് ലക്ഷ്യം. കൂടുതൽ ദുഷ്കരമായ ആദ്യഘട്ട പ്രവർത്തനങ്ങൾ പൂർത്തിയായിട്ടുണ്ട്. 45 ശതമാനം നിർമ്മാണം കഴിഞ്ഞുവെന്നാണ് വിലയിരുത്തൽ. കനത്ത മഴമൂലം മൂന്നുമാസം നിർമ്മാണം മന്ദഗതിയിലായിരുന്നു. കോട്ടപ്പുറം - മൂത്തകുന്നം പാലത്തിനായി സ്റ്റീൽ ഗർഡറുകൾ എത്തിച്ചിട്ടുണ്ട്. പണികൾ വേഗത്തിൽ നടത്തുന്നതിനാണ് സ്റ്റീൽ ഗർഡറുകൾ ഉപയോഗിക്കുന്നത്. റോഡ്, പാലം എന്നിവയുടെ നിർമ്മാണത്തിന് ഏറെ ആവശ്യമുള്ള കല്ലിന്റെയും മണ്ണിന്റെയും അപര്യാപ്തത തുടരുകയാണ്. ക്വാറി ലഭിക്കാത്തതിനാൽ കരാർ കമ്പനിയായ ഓറിയന്റൽ സ്ട്രക്ചറൽ എൻജിനിയേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് ചാലക്കുടിയിൽ സജ്ജീകരിച്ച ക്രഷർ ഇതുവരെ പ്രവർത്തിപ്പിക്കാൻ സാധിച്ചിട്ടില്ല. 2022 ഒക്ടോബറിലാണ് മൂത്തകുന്നം - ഇടപ്പിള്ളി റീച്ചിൽ ദേശീയപാത നിർമ്മാണം തുടങ്ങിയത്.
മൂത്തകുന്നം കവലയിൽ അണ്ടർപ്പാസ് പാലത്തിൽ ഗർഡറുകൾ സ്ഥാപിക്കുന്നതിന് വേണ്ടി ഗതാഗതം തിരിച്ചുവിടുന്നു കോട്ടപ്പുറം പാലം അപ്രോച്ച് റോഡും മാല്യങ്കര സംസ്ഥാനപാതയും പറവൂർ ഭാഗത്ത് നിന്നുള്ള റോഡും സന്ധിക്കുന്ന നിലവിലെ മൂത്തകുന്നം കവലയിലാണ് അണ്ടർപ്പാസ് നിർമ്മാണം ഗതാഗതം തിരിച്ചുവിടുന്നതിനായ കിഴക്കുഭാഗത്തുകൂടി താത്കാലിക റോഡ് നിർമ്മിച്ചു ഗർഡറുകൾ സ്ഥാപിക്കുന്നതുവരെ ഇതിലൂടെയാകും ഗതാഗതം.