അങ്കമാലി: അപ്പോളോ അഡ്ലക്സ് ആശുപത്രിയിൽ അത്യാധുനിക പ്രോസ്റ്റേറ്റ് ക്ലിനിക്ക് പ്രവർത്തനമാരംഭിച്ചു. പ്രോസ്റ്ററ്റൈറ്റിസ്, പ്രോസ്റ്റേറ്റ് ക്യാൻസർ, ബിനൈൻ പ്രോസ്റ്റാറ്റിക് ഹൈപ്പർപ്ലാസിയ (ബി.പി.എച്ച്) തുടങ്ങിയ രോഗാവസ്ഥകൾക്കുള്ള കൺസൾട്ടേഷൻ, അത്യാധുനിക ചികിത്സാ സംവിധാനം എന്നിവ ഇവിടെയുണ്ട്.
വിപുലമായ സേവനങ്ങളാണ് വിദഗ്ദ്ധ യൂറോളജി ആൻഡ് ആൻഡ്രോളജി വിഭാഗം നയിക്കുന്ന ക്ലിനിക് വാഗ്ദാനം ചെയ്യുന്നത്. അങ്കമാലി പ്രസ് ക്ലബ് സെക്രട്ടറി ബൈജു മേനാച്ചേരി അദ്ധ്യക്ഷനായ ചടങ്ങിൽ റോജി എം ജോൺ എം.എൽ.എ ക്ലിനിക്ക് നാടിന് സമർപ്പിച്ചു. അപ്പോളോ അഡ്‌ലക്‌സ് ഹോസ്പിറ്റൽ സി.ഇ.ഒ ബി. സുദർശൻ, സി.ഒ ഡോ. ഷുഹൈബ് ഖാദർ, ഡി.എം.എസ് ഡോ.ആർ. രമേഷ് കുമാർ, യൂറോളജി ആൻഡ് ആൻഡ്രോളജി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. റോയ് പി. ജോൺ, യൂറോളജി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. പിള്ള ബിജു സുകുമാരൻ, മെഡിക്കൽ സൂപ്രണ്ട് ഡോ. സജു സാമുവൽ എന്നിവർ സംസാരിച്ചു. 50നു മുകളിൽ പ്രായമുള്ളവർ കൃത്യമായ ഇടവേളകളിൽ പ്രോസ്റ്റേറ്റ് പരിശോധനകൾ നടത്തേണ്ടതാണെന്ന് ഡോ. റോയ് പി. ജോൺ പറഞ്ഞു.