h

ചോറ്റാനിക്കര: കിണറ്റിൽ മലിനജലം എത്തിയെന്നാരോപിച്ച് എടക്കാട്ട് വയൽ പള്ളിക്കാനിരപ്പിൽ മനോജിന്റെ ഗർഭിണിയായ പശുവിനെ അയൽവാസി വെട്ടിക്കൊന്നു. പരിക്കേറ്റ മറ്റൊരു പശുവും കിടാരിയും അതീവ ഗുരുതരാവസ്ഥയിലാണ്. പ്രതി വെള്ളക്കാതടത്തിൽ വീട്ടിൽ രാജു (50)വിനെ മുളന്തുരുത്തി പൊലീസ് അറസ്റ്റ് ചെയ്തു.

ഇന്നലെ രാവിലെയാണ് സംഭവം. എട്ടു മാസം ഗർഭിണിയായ പശുവിന്റെ വയറിലും മുതുകിലും കോടാലി ഉപയോഗിച്ച് വെട്ടുകയായിരുന്നു. 15 ലിറ്റർ പാൽ നൽകുന്ന മറ്റൊരു പശുവിന്റെ കഴുത്തിൽ ആഴത്തിൽ മുറിവേൽപ്പിച്ചു. കിടാരികളിൽ ഒന്നിനെ കോടാലി ഉപയോഗിച്ച് തലയ്ക്കടിച്ചു. പശുക്കളുടെ കരച്ചിൽ കേട്ട് ഓടിയെത്തി തടയാൻ ശ്രമിച്ച മനോജിന്റെ ഭാര്യ സുനിത (45)യുടെ കൈയിലും വെട്ടേറ്റു. മനോജിന്റെ മകൻ മനുവിന്റെ (21) വലതുകാലിൽ കോടാലി ഉപയോഗിച്ച് അടിച്ചതിനെ തുടർന്ന് പരിക്കേറ്റു. ഇവർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. എടക്കാട്ടുവയലിൽ ഓട്ടോ ഡ്രൈവറാണ് പ്രതി.

പശു വളർത്തിയും റബ്ബർ വെട്ടിയും ഉപജീവനം നടത്തുന്ന മനോജ് സംഭവ സമയത്ത് തൊട്ടടുത്ത റബർ തോട്ടത്തിൽ ടാപ്പിംഗ് ജോലിയിലായിരുന്നു. രണ്ടുവർഷം മുമ്പ് ഓട്ടോ സ്റ്റാൻഡിൽ അനധികൃതമായി മദ്യം വിറ്റതിന് അറസ്റ്റിലായിട്ടുണ്ട് രാജു.

കാരണം ഇ-കോളി

രാജുവിന്റെ കിണർ വെള്ളത്തിൽ ഇ-കോളി ബാക്ടീരിയയുടെ സാന്നിദ്ധ്യം കണ്ടതിനാൽ ഒരു വർഷം മുമ്പ് പഞ്ചായത്തിലും ഹെൽത്ത് ഇൻസ്പെക്ടർക്കും പരാതി നൽകിയിരുന്നു. പരിശോധന നടത്തിയ ഉദ്യോഗസ്ഥർ മനോജ് തന്റെ 14 സെന്റ് പുരയിടത്തിൽ ബയോഗ്യാസ് പ്ലാന്റ് അടക്കം സ്ഥാപിച്ച് വൃത്തിയായാണ് പശുവിനെ വളർത്തുന്നതെന്ന് റിപ്പോർട്ട് നൽകി. കിണർ വെള്ളത്തിൽ ബാക്ടീരിയ എത്തിയത് രാജുവിന്റെ തന്നെ കക്കൂസ് കുഴിയിൽ നിന്നാണെന്നും അവർ വ്യക്തമാക്കിയിരുന്നു. തുടർന്ന് രാജു നവകേരള സദസിലും അദാലത്തിലും പരാതി നൽകിയെങ്കിലും തള്ളിയിരുന്നു.

എടക്കാട്ടു വയൽ പഞ്ചായത്ത് തൊഴുത്തും ബയോഗ്യാസ് പ്ലാന്റും മനോജിന് നൽകിയിട്ടുണ്ട്. മാനദണ്ഡങ്ങൾ അനുസരിച്ച് ആണ് പശുവിനെ വളർത്തുന്നത്. അയൽവാസിയുടെ കിണറുമായി 14 മീറ്റർ അകലെയാണ് പശുത്തൊഴുത്ത്. പൊല്യൂഷൻ കൺട്രോൾ ബോർഡും അനുമതി നൽകിയിട്ടുണ്ട്.

ബോബൻ കുര്യാക്കോസ്

പഞ്ചായത്തംഗം, ഒമ്പതാം വാർഡ്