
പെരുമ്പാവൂർ: ക്രിസ്മസ് കരോളുകൾ ഏവർക്കും പരിചിതമാണെങ്കിലും ഓണക്കരോളെന്നത് പലരും കേട്ടിട്ടുപോലുമുണ്ടാകില്ല. എന്നാൽ വളയൻചിറങ്ങര ഗ്രാമത്തിന്റെ സ്വന്തമായ ഓണാഘോഷമാണ് ഈ കരോൾ. ക്രിസ്മസ് പപ്പാഞ്ഞിക്ക് പകരം മാവേലിയും കരോൾ ഗാനങ്ങൾക്ക് പകരം ഓണപ്പാട്ടുകളുമായി ഓണക്കാലത്ത് കരോൾ സംഘം വീടുകൾതോറും കയറി ഇറങ്ങും. 40 വർഷമായി തുടരുടന്ന ഓണക്കരോൾ വളയൻചിറങ്ങരക്കാർക്ക് എന്നും ആവേശമാണ്. 1985ലാണ് ഇവിടെ ഓണക്കരോൾ ആരംഭിച്ചതെന്ന് പഴമക്കാർ പറയുന്നു. കുട്ടികൾ മുതൽ വയോജനങ്ങൾ വരെ കരോളിന്റെ ഭാഗമായി ഓണപ്പാട്ടുകൾ പാടി മാവേലിക്കൊപ്പം വീടുകളിലെത്തുന്നു. മാവേലിയെ ഭക്തിയോടെയാണ് വീട്ടുകാരെല്ലാം സ്വീകരിക്കുന്നത്. ഇക്കുറി വ്യത്യസ്ഥമായ കലാരൂപങ്ങളുടെ അകമ്പടിയോടെയാണ് ഓണക്കരോൾ. പുലികളി, ശിങ്കാരിമേളം, അമ്മൻ കുടം, തിറ, കഥകളി വേഷങ്ങൾ, കുടകളി, മാവേലിമാർ, കൈകൊട്ടിക്കളി തുടങ്ങിയവയാണ് ഇത്തവണത്തെ പ്രത്യേകത. വനിതകളും മാവേലി വേഷം കെട്ടുന്നതും കൗതുകമാണ്. അത്തം മുതൽ ഉത്രാട ഘോഷയാത്ര വരെയുള്ള സന്ധ്യകൾ നാടിന് കരോളിന്റെ ലഹരിയാണ്. ദിവസവും വീട്ടുകാരുടെ ആതിഥ്യം സ്വീകരിച്ച് അത്താഴവും കഴിച്ചാണ് സംഘം മടങ്ങുക.
ജില്ലയിലെ അക്ഷര ഗ്രാമം എന്നറിയപ്പെടുന്ന വളയൻചിറങ്ങരയിലെ സാംസ്‌കാരിക കൂട്ടായ്മയാണ് ഓണക്കരോളിന് നേതൃത്വം നൽകുന്നത്. സംസ്ഥാനത്തെ ഏറ്റവും മികച്ച ലൈബ്രറിയായ വി.എൻ. കേശവപിള്ള സ്മാരക വായനശാലയും നാട്ടിലെ കലാകാരന്മാരുടെ ആസ്ഥാന കേന്ദ്രമായ സുവർണ തിയേറ്റേഴ്‌സും കായികപ്രേമികളുടെ സംഘമായ ഒളിമ്പിക് സ്‌പോർട്‌സ് ക്ലബും ചേർന്നാണ് കരോൾ സംഘടിപ്പിക്കുന്നത്.