beena

കെ.സി. സ്മിജൻ

ആലുവ: 20 ലക്ഷം രൂപ ചെലവഴിച്ച് ആലുവ ജില്ലാ ആശുപത്രി രക്തബാങ്കിൽ സ്ഥാപിച്ച പ്ളേറ്റ്ലെറ്റ്, പ്ളാസ്മ എന്നിവ വേർതിരിക്കുന്ന എഫറസിസ് യന്ത്രത്തിൽ ആറ് വർഷത്തിന് ശേഷം ആദ്യ പരീക്ഷണം വിജയകരം. 25 വർഷമായി ആലുവ രക്തബാങ്കിൽ ടെക്നീഷ്യയായി ജോലി ചെയ്യുന്ന തായിക്കാട്ടുകര സ്വദേശിനി കെ.ആർ. ബീനയാണ് ആദ്യമായി എഫാസിസ് യന്ത്രത്തിലൂടെ പ്ളേറ്റ്ലെറ്റ് ദാതാവായത്.

ആദ്യ പരീക്ഷണം വിജയകരമായിരുന്നുവെന്ന് രക്തബാങ്കിലെ മെഡിക്കൽ ഓഫീസർ ഡോ. എൻ. വിജയകുമാർ പറഞ്ഞു. പ്ളേറ്റ്ലെറ്റ് നൽകി ആവശ്യമായ വിശ്രമത്തിന് ശേഷം തുടർന്ന് വൈകിട്ട് വരെ ജോലിയും ചെയ്ത് യാതൊരു വിധ ക്ഷീണവുമില്ലാതെയാണ് ബീന വീട്ടിലേക്ക് മടങ്ങിയതെന്നും ഡോ. വിജയകുമാർ 'കേരളകൗമുദി'യോട് പറഞ്ഞു.

പ്ലേ‌റ്റ്ലെറ്റ്, പ്ലാസ്‌മ എന്നിവ വേർതിരിക്കുന്ന എഫറസിസിന്റെ സ്വിച്ച് ഓൺ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂടത്തടൻ നിർവഹിച്ചു. നഗരസഭ ചെയർമാൻ എം.ഒ. ജോൺ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൽസി ജോർജ്, പി.പി. ജെയിംസ്, സെക്രട്ടറി ഡോ. രാധാകൃഷ്‌ണൻ എന്നിവർ സംസാരിച്ചു. സൂപ്രണ്ട് ഡോ. സ്‌ഥിജി ജോർജ് സ്വാഗതവും മെഡിക്കൽ ഓഫീസർ ഡോ. വിജയകുമാർ നന്ദിയും പറഞ്ഞു.

രക്തദാതാവിനെ ലഭിക്കാത്തതിനാൽ 2018ൽ ലഭിച്ച പ്ലേറ്റ്‌ലെറ്റ് വേർതിരിക്കുന്ന യന്ത്രം ഉപയോഗശൂന്യമായി വെറുതെയിരുന്നു ദാതാക്കളെ അകറ്റിയത് രക്തം നൽകുന്നയാൾ രണ്ട് മണിക്കൂർ ചെലവഴിക്കണമെന്നതും പ്ലേറ്റ്‌ലെറ്റ് എടുത്ത ശേഷം രക്തം തിരികെ പമ്പ് ചെയ്യണം എന്നത് ഇതേതുടർന്നാണ് രക്തദാതാവാകാൻ ബീന സ്വയം സന്നദ്ധതയറിയിച്ചത് കൊവിഡ് കാലത്ത് ഉൾപ്പെടെ 16 തവണ ബീന രക്തദാനം ചെയ്തിട്ടുണ്ട്.

കൂടുതൽ ദാതാക്കൾ മുന്നോട്ട് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. രക്തദാനം ചെയ്യുമ്പോൾ ഒരാളിൽ നിന്ന് ഒരു യൂണിറ്റ് പ്ലേറ്റ്‌ലെറ്റാണ് ലഭിക്കുന്നതെങ്കിൽ പുതിയ യന്ത്രത്തിലൂടെ ഒരാളിൽ നിന്ന് അഞ്ച് യൂണിറ്റ് വരെ ലഭിക്കും.

ഡോ. എൻ. വിജയകുമാർ

മെഡിക്കൽ ഓഫീസർ

ആലുവ ബ്ലഡ് ബാങ്ക്