കളമശേരി: വയനാടിന് സഹായധനം സ്വരൂപിക്കാൻ വ്യവസായമന്ത്രി പി. രാജീവിന്റെ നേതൃത്വത്തിൽ കളമശേരി കാർഷികോത്സവ വേദിയിൽ നടത്തിയ ലേലത്തിൽ 'ആടുജീവിതം" രചിച്ച സാഹിത്യകാരൻ ബെന്യാമിൻ പങ്കെടുത്തു. മന്ത്രിയും ബെന്യാമിനും ആവേശത്തോടെ ലേലംവിളിച്ചു. 13, 800 രൂപയ്ക്ക് കളമശേരി സ്വദേശി നൗഷാദ് ആട്ടിൻകുട്ടിയെ സ്വന്തമാക്കി. ലേലത്തുക അപ്പോൾത്തന്നെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. മന്ത്രി പി. രാജീവ് ഏറ്റുവാങ്ങി.
യഥാർത്ഥവിലയുടെ മൂന്നിരട്ടിയിലേറെ തുകയ്ക്ക് വാങ്ങിയ ആട്ടിൻകുട്ടിയെ സംഘാടകർക്കുതന്നെ നൗഷാദ് തിരികെനൽകി. ആടിനെ വീണ്ടും ലേലംചെയ്ത് ആ തുകയും ദുരിതാശ്വാസനിധിയിലേക്കു കൈമാറും.