nehrupark
നവീകരിച്ച നെഹ്റു പാർക്ക്

കൊച്ചി: ഫോർട്ടുകൊച്ചി ഓണത്തിന് പുതിയ മുഖത്തോടെ സന്ദർശകരെ വരവേൽക്കും. ഫോർട്ടുകൊച്ചിയിൽ സി.എസ്.എം.എൽ നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ ഉദ്ഘാടനം ഇന്ന് രാവിലെ 9ന് മേയർ എം. അനിൽകുമാർ നിർവഹിക്കും. അത്യാധുനിക സൗകര്യങ്ങളോടെ നെഹ്റുപാർക്ക്, റോറോ ജെട്ടി, ആർ.ഡി.ഒ ഓഫീസിന് മുമ്പിലെ സ്ഥലം മോ‌ടിപിടിപ്പിക്കൽ എന്നീ പദ്ധതികളുടെ ഉദ്ഘാടനമാണ് നടക്കുന്നത്. ഫോർട്ടുകൊച്ചി നിവാസികൾക്ക് ഓണസമ്മാനം എന്ന നിലയിലാണ് പദ്ധതികളുടെടെ ഉദ്ഘാടനം നടത്തുന്നതെന്ന് അധികൃതർ അറിയിച്ചു.

നെഹ്‌റു പാർക്ക്

ഫോർട്ടുകൊച്ചിയിലെ നെഹ്‌റു പാർക്ക് നവീകരിച്ച് ജനങ്ങൾക്കായി തുറന്നുനൽകുന്നതാണ് പ്രധാനപദ്ധതി. 2.93 കോടി രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.

മൾട്ടിപ്ലേ സ്റ്റേഷനുകൾ, സ്ലൈഡ്, ക്ലൈമ്പേഴ്‌സ്, സ്വിംഗ്‌സ്, മെറിഗോറൗണ്ട്, റൈഡേഴ്‌സ്, സീസോ, ഇ.പി.ഡി.എം, ഫ്ലോറിംഗ് ഉപയോഗിച്ച് സംരക്ഷിച്ചിരിക്കുന്ന വിവിധ കളിഉപകരണങ്ങൾ എന്നിവയാണ് പാർക്കിൽ ഒരുക്കിയിരിക്കുന്നത്. സ്ലൈഡും ടണലുമുള്ള കളിസ്ഥലങ്ങൾ കൂടാതെ മരങ്ങൾക്ക് ചുറ്റുമുള്ള ഇരിപ്പിടങ്ങൾ, ലൈറ്റിംഗ് എന്നിവ സ്ഥാപിച്ചിട്ടുണ്ട്. നടപ്പാത, ലാൻഡ്‌സ്‌കേപ്പിംഗ്, അതിർത്തി ഭിത്തി, ഫീഡിംഗ് ബ്ലോക്ക്, ടോയ്‌ലെറ്റ് ബ്ലോക്ക് തുടങ്ങിയ സൗകര്യങ്ങളുമുണ്ട്.

റോറോ ജെട്ടി

വാഹനങ്ങൾക്ക് സുഗമമായി പ്രവേശിക്കുവാനുള്ള സൗകര്യങ്ങളോടെയാണ് റോറോ ജെട്ടി നവീകരിച്ചിരിക്കുന്നത്. കാൽനട സൗഹൃദമേഖലയായി പ്രദേശത്തെ മാറ്റുകയെന്ന ലക്ഷ്യത്തോടെയായിരുന്നു നവീകരണം. കാടുപിടിച്ചു കിടന്നിരുന്ന സ്ഥലത്ത് ഇരിപ്പിടങ്ങളും വെളിച്ച സംവിധാനങ്ങളും സ്ഥാപിച്ചിട്ടുണ്ട്. ചെറിയ സംഗീതനിശ പോലുള്ളവ ഇവിടെ നടത്താനാകും. 37.7 ലക്ഷം രൂപയാണ് നിർമ്മാണ ചെലവ്

പുതിയ ഇരിപ്പിടം

ഫോർട്ടുകൊച്ചിയിലെ റവന്യൂ ഡിവിഷണൽ ഓഫീസിന് മുന്നിൽ സ്ഥിതിചെയ്യുന്ന സ്ഥലത്ത് നടപ്പാത, ഇരിപ്പിടങ്ങൾ, ലൈറ്റിംഗ് എന്നിവയോടെ നവീകരിച്ച് ജനങ്ങൾക്കായി തുറന്നുനൽകും. അനധികൃത പാർക്കിംഗ്, കാൽനട യാത്രക്കാർക്ക് സഞ്ചരിക്കാൻ പറ്റാത്തതുമായ സാഹചര്യങ്ങൾ, കൈയേറ്റങ്ങൾ എന്നിവ പരിഹരിച്ചാണ് പുതിയ പദ്ധതി ആരംഭിച്ചത്. 5.85ലക്ഷം രൂപയാണ് പദ്ധതി ചെലവ്. ഇവിടം ആകർഷകമാക്കാനുള്ള പദ്ധതികളുമുണ്ട്.