bus

കൊച്ചി:അഖിലേന്ത്യാ ടൂറിസ്റ്റ് പെർമിറ്റിൽ സർവീസ് നടത്തുന്ന ബസുകളെ മോട്ടോർ വാഹന വകുപ്പ് തടഞ്ഞ് പിഴയിടുന്നത് വിലക്കണമെന്ന് റോബിൻ ബസ് ഉടമയടക്കം നൽകിയ ഹർജി ഹൈക്കോടതി തള്ളി. ടൂറിസ്റ്റ് പെർമിറ്റുള്ള വാഹനങ്ങൾക്ക് സ്റ്റേജ് കാര്യേജ് വാഹനങ്ങളെ പോലെ സർവീസ് നടത്താനാവില്ലെന്ന കെ.എസ്.ആർ.ടി.സിയുടെയടക്കം വാദം കണക്കിലെടുത്താണ് ജസ്റ്റിസ് എൻ. നഗരേഷിന്റെ ഉത്തരവ്.

ടൂറിസ്റ്റ് ബസുകൾ സ്റ്റേജ് കാര്യേജുകളായി ആളുകളെ കയറ്റിയിറക്കുന്നതിനെതിരെ കർശന നടപടിയെടുക്കാൻ മോട്ടോർ വാഹന വകുപ്പിനോട് നിർദ്ദേശിക്കണമെന്ന തിരുവനന്തപുരം സ്വദേശി ഡി. സന്തോഷ്‌കുമാറിന്റെ (ആർ.കെ.വി. സന്തോഷ് ) ഹർജിയും ഹൈക്കോടതി പരിഗണിച്ചു.
ഓൾ ഇന്ത്യ ടൂറിസ്റ്റ് വെഹിക്കിൾ (പെർമിറ്റ്) റൂൾസ് പ്രകാരം ടൂറിസ്റ്റ് വാഹനങ്ങൾക്ക് നൽകുന്നത് കോൺട്രാക്ട് കാര്യേജിനുള്ള പെർമിറ്റാണെന്ന് കേന്ദ്രസർക്കാരും വ്യക്തമാക്കിയിരുന്നു.
ദേശസാത്കൃത റൂട്ടുകളിൽ ഉൾപ്പെടെ സർവീസ് നടത്താനും യാത്രക്കാരെ കയറ്റിയിറക്കാനും ടൂറിസ്റ്റ് പെർമിറ്റ് വാഹനങ്ങൾക്ക് അനുമതി നൽകുന്ന ഓൾ ഇന്ത്യ ടൂറിസ്റ്റ് വെഹിക്കിൾസ് (പെർമിറ്റ് ) ചട്ടം 2023ലെ ചില വ്യവസ്ഥകൾ മോട്ടോർ വാഹന നിയമത്തിലെ വ്യവസ്ഥകൾക്കു വിരുദ്ധമാണെന്നു കാട്ടിയാണ് കെ.എസ്.ആർ.ടി.സി കോടതിയെ സമീപിച്ചത്. ടൂറിസ്റ്റ് പെർമിറ്റാണെങ്കിലും ഇടയ്ക്ക് നിറുത്തി യാത്രക്കാരെ കയറ്റിയിറക്കി സർവീസ് നടത്താമെന്നായിരുന്നു റോബിൻ അടക്കമുള്ള ബസുടമകളുടെ വാദം.