
കുറുപ്പംപടി: പ്ലാസ്റ്റിക് പൂക്കളമൊരുക്കി രായമംഗലം ഹരിത കർമ്മ സേനയുടെ വ്യത്യസ്ത ഓണാഘോഷം. വേസ്റ്റ് പ്ലാസ്റ്രിക്കിൽ നിന്ന് ഉണ്ടാക്കിയ പൂക്കൾ ഉപയോഗിച്ചാണ് ഈ വർഷത്തെ ഓണാഘോഷത്തിന് മാറ്റുകൂട്ടാൻ ഹരിത കർമ്മസേനാംഗങ്ങൾ മനോഹരമായ പൂക്കളം ഒരുക്കിയത്. നെല്ലിമോളത്തെ പഞ്ചായത്ത് എം.സി.എഫിൽ നടന്ന ഓണാഘോഷത്തിൽ കലാകായിക മത്സരങ്ങളും ഓണസദ്യയുമുണ്ടായിരുന്നു. സർക്കാർ അനുവദിച്ച ഓണം ഇൻസെന്റീവ് ആയ 1000 രൂപയ്ക്ക് പുറമേ 2000 രൂപ ബോണസും ആവശ്യമുള്ളവർക്ക് 3000 രൂപ അഡ്വാൻസും നൽകി. പഞ്ചായത്ത് പ്രസിഡന്റ് എൻ.പി. അജയകുമാർ, വൈസ് പ്രസിഡന്റ് ദീപ ജോയ്, ഭരണസമിതി അംഗങ്ങളായ ബിജു കുര്യാക്കോസ്, ഫെബിൻ കുര്യാക്കോസ്, ടിൻസി ബാബു, ലിജു അനസ്, പഞ്ചായത്ത് സെക്രട്ടറി ബി. സുധീർ, അസിസ്റ്റന്റ് സെക്രട്ടറി ബിനോയി മത്തായി, ജൂനിയർ സൂപ്രണ്ട് അബ്ദുൽ ലത്തീഫ്, ഹരിത കർമ്മ സേന കൺസോർഷ്യം പ്രസിഡന്റ് ലത ഗിരീഷ്, സെക്രട്ടറി ജമീല എന്നിവർ ഓണാഘോഷ പരിപാടിയിൽ പങ്കെടുത്തു.