home
സുഭദ്ര‌യുടെ കടവന്ത്രയിലെ വീട്

കൊച്ചി: ക്ഷേത്രദർശനം ജീവിതചര്യയാക്കിയ ആളായിരുന്നു കൊല്ലപ്പെട്ട സുഭദ്ര. ലക്ഷങ്ങളുടെ വട്ടിപ്പശില ഇടപാടുമുണ്ടായിരുന്നു. അയൽവാസികളുമായി നല്ല ബന്ധമാണ് കാത്തു സൂക്ഷിച്ചിരുന്നത്. അതിനാൽ സുഭദ്രാമ്മയെന്നാണ് ഇവരെ സ്നേഹത്തോടെ നാട്ടുകാർ വിളിച്ചിരുന്നത്. സുഭദ്ര‌യുടെ അപ്രതീക്ഷിത തിരോധാനവും കൊലപാതകവും സമീപവാസികളെ ഞെട്ടിച്ചു.

'കാണാതാകുന്നതിന് തൊട്ടുമുൻ ദിവസം സുഭദ്രാമ്മ വീട്ടിൽ വന്നിരുന്നു. ഒരുപാടുനേരം സംസാരിച്ചു. ക്ഷേത്രങ്ങളിൽ പോയതും ദർശനം ലഭിച്ചുതുമാണ് സംസാരിച്ചത്. കറിയെന്തെങ്കിലും ഉണ്ടോയെന്ന് ചോദിച്ചിരുന്നു. മീൻകറി വച്ചിരുന്നതിനാൽ പച്ചക്കറി തോരൻ വേണ്ടെന്ന് പറഞ്ഞതാണ് പോയത്. ക്ഷേത്രദർശനത്തിന് പോയിരിക്കുകയാണെന്നാണ് കരുതിയത്. ഇങ്ങനെ കേൾക്കേണ്ടിവരുമെന്ന് വിചാരിച്ചില്ല," അയൽവാസി ഷീബ പറഞ്ഞു.

തൃശൂർ സ്വദേശിയാണ് സുഭദ്ര. പരേതനായ ഭർത്താവ് പി. ഗോപാലകൃഷ്ണൻ നായ‌ർ ഫിഷറീസ് വകുപ്പ് ജീവനക്കാരനായിരുന്നു. വർഷങ്ങൾക്ക് മുമ്പാണ് ദമ്പതികൾ കടവന്ത്രയിൽ എത്തിയത്. മൂന്ന് മക്കളിൽ മൂത്തയാൾ രാജേഷ് കൊവി‌ഡ് ബാധിച്ച് മരിച്ചു. രണ്ടാമത്തെ മകൻ രാധാകൃഷ്ണനും ഇളയ മകൻ രാജീവും എറണാകുളത്താണ് താമസം. രാധാകൃഷ്ണനാണ് സുഭദ്രയ്ക്ക് ഭക്ഷണം എത്തിച്ചിരുന്നത്. ആഗസ്റ്റ് രണ്ടിനും മൂന്നിനും രാത്രി ഭക്ഷണവുമായി എത്തിയെങ്കിലും സുഭദ്ര ഇല്ലാത്തതിനാൽ മടങ്ങിപ്പോയി. അമ്മ ക്ഷേത്രദർശനത്തിന് പോയിരിക്കുമെന്നാണ് മക്കൾ കരുതിയത്.

നാലു ദിവസം കഴിഞ്ഞിട്ടും കാണാതായതോടെയാണ് രാധാകൃഷ്ണൻ പൊലീസിനെ സമീപിച്ചത്. ദിവസ പലിശയ്ക്കാണ് സുഭദ്ര പണം നൽകിയിരുന്നത്. വ്യാപാരസ്ഥാപനങ്ങൾക്കും വ്യക്തികൾക്കും പണം നൽകിയിട്ടുണ്ട്.

'കൈ നിറയെ വളയും ആഭരണവുമെല്ലാം ധരിച്ച് നടക്കുന്നതായിരുന്നു സുഭദ്രാമ്മയുടെ രീതി. അധികം ആഭരണങ്ങൾ ധരിക്കുന്നത് ശരിയല്ലെന്നും സൂക്ഷിക്കണമെന്നും പറഞ്ഞിരുന്നു. പക്ഷേ അതൊന്നും സുഭദ്രാമ്മ കേട്ടില്ല," അയൽവാസി ബീന സുമേഷ് പറഞ്ഞു.

നാട്ടുകാർക്ക് സഹായിയായിരുന്നു സുഭദ്ര. പരിചയക്കാർക്ക് അസുഖം ബാധിച്ചാൽ രോഗം ഭേദമായി ആശുപത്രിവിടും വരെ ഒപ്പം നിൽക്കുമെന്ന് കടവന്ത്രയിൽ ചായക്കട നടത്തുന്ന ഡെയ്സി പറഞ്ഞു. കാണാകുന്നത് തൊട്ടടുത്ത ദിവസം വരെ കടയിൽ വന്നിരുന്നതായും അവർ പറഞ്ഞു.