
കൊച്ചി: അടുക്കളക്കാര്യം മുതൽ പ്രസവശ്രുശ്രൂഷവരെ നിർവഹിക്കാൻ പരിശീലനം ലഭിച്ച കുടുംബശ്രീ അംഗങ്ങൾ ഇനി ഒറ്റ ഫോൺകോളിൽ വീട്ടിലെത്തും. കുടുംബശ്രീയുടെ 'ക്വിക്ക് സർവ് ' പദ്ധതിയിലൂടെ തിരക്കേറിയ ജീവിതത്തിനിടയിൽ വീട്ടുജോലികൾ തീർക്കാൻ പാടുപെടുന്നവർക്ക് സഹായമാവുകയാണ് ലക്ഷ്യം. അടുത്തമാസം ജില്ലയിൽ ആരംഭിക്കും. കോർപ്പറേഷൻ ഉൾപ്പെടെ എല്ലാ നഗരസഭകളിലും പ്രവർത്തിക്കുന്നതിനുള്ള ടീമിനെ ഇതിനായി തിരഞ്ഞെടുക്കും. കുടുംബശ്രീ സംസ്ഥാനമിഷൻ എംപാനൽ ചെയ്ത ഏജൻസിവഴി പരിശീലനം നേടിയവരാണ് പദ്ധതിയുടെ ഭാഗമാകുന്നത്.
കുടുംബശ്രീ നഗര സി.ഡി.എസിൽ അംഗങ്ങളായവർക്കോ ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങൾക്കോ ടീം രൂപീകരിക്കാം. കുടുംബങ്ങളിലെ ആളുകളുടെ ജീവിതം ആയാസരഹിതമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് കുടുംബശ്രീ സംസ്ഥാന മിഷൻ ക്വിക്ക് സെർവ് പദ്ധതിവഴി ലക്ഷ്യമിടുന്നത്.
ക്വിക്ക് സർവ്
ആദ്യഘട്ടത്തിൽ
വീട്ടുജോലി
പാചകം
കുട്ടിയെ ശ്രുശ്രൂഷിക്കൽ
കിടപ്പുരോഗികളുടെയും വൃദ്ധരുടെയും പരിചരണം
വാഹനം വൃത്തിയാക്കൽ
രണ്ടാംഘട്ടത്തിൽ
ആധുനിക യന്ത്രങ്ങൾ ഉപയോഗിച്ചുള്ള വീടുശുചീകരണം
കാർ കഴുകൽ
സേവനത്തിന്റെ നിരക്കുകളും പ്രവർത്തകരുടെ ശമ്പളവും തീരുമാനിച്ചിട്ടില്ല. ബുക്കിംഗ് ലഭിക്കുന്ന മുറയ്ക്കാണ് സേവനം. നഗരസഭാ സി.ഡി.എസ് പ്രതിനിധികളും നഗരസഭ സെക്രട്ടറി, ജില്ലാ മിഷൻ കോഓഡിനേറ്ററുടെ പ്രതിനിധി എന്നിവരുമടങ്ങുന്ന മാനേജ്‌മെന്റ് കമ്മിറ്റി ക്വിക്ക് സെർവിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തും.
അർബൻ സർവീസ് ടീം വരും
മൂന്നുമുതൽ എട്ടുപേർവരെ അടങ്ങുന്ന അർബൻ സർവീസ് ടീമായിരിക്കും ക്വിക്ക് സെർവിന്റെ നടത്തിപ്പ് ചുമതല. ഒരു നഗരസഭാ പരിധിയിൽ ഒരു അർബൻ സർവീസ് ടീം ഉണ്ടായിരിക്കും. ഓരോ സേവനങ്ങൾക്കുമുള്ള ഏകീകരിച്ച നിരക്കുകൾ ഉടൻ പ്രസിദ്ധീകരിക്കും. പരിശീലനം ലഭിച്ച കുടുംബശ്രീ അംഗങ്ങൾക്ക് പ്രത്യേക യൂണിഫോം, ഐ.ഡി കാർഡ്, നടത്തിപ്പ് സുഗമമാക്കാൻ തിരുവനന്തപുരം കേന്ദ്രീകരിച്ച് കോൾസെന്റർ ആപ്പ് സൗകര്യം എന്നിവ ലഭ്യമാകും. ആപ്പ് തയ്യാറാക്കുന്നതിന്റെ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.