onam

മൂവാറ്റുപുഴ: തിരുവോണം പടിവാതിലിൽ എത്തിയതോടെ നാടെങ്ങും ആഘോഷത്തിമിർപ്പിൽ. ഉത്രാടപാച്ചിലിന് രണ്ട് നാൾ മാത്ര അവശേഷിക്കെ വിപണികളിൽ തിരക്കേറി. വയനാട് ദുരന്ത പശ്ചാത്തലത്തിൽ പായസ ചലഞ്ചുകളും മറ്രും വ്യാപകമായി സംഘടിപ്പിച്ചുവരുന്നുണ്ട്. ഇതിൽ നിന്ന് ലഭിക്കുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുവാനാണ് സംഘാടകരുടെ തീരുമാനം. കിഴക്കൻ മേഖലയിൽ ഇതിനകം ഓണ വിപണി സജീവമായി കഴിഞ്ഞു . പ്രാദേശികമായി പൂക്കൃഷി വ്യാപകമായതോടെ ഇക്കുറി പൂക്കൾ പുറമെനിന്ന് എത്തുന്നത് കുറഞ്ഞു. നാട്ടുമ്പുറത്തെ പൂന്തോട്ടങ്ങളിൽ നിന്ന് സൗജന്യമായും ചില കർഷകർ പൂക്കൾ നൽകുന്നുണ്ട് . എന്നാൽ റോസ് അടക്കമുള്ള പുഷ്പങ്ങൾക്ക് വിപണിയെ തന്നെ ആശ്രയിക്കണം. സർക്കാർ ജീവനക്കാർക്ക് ഓണം ഉത്സവബത്തയും അഡ്വാൻസും വിവിധതരം സാമൂഹ്യ പെൻഷൻകാർക്ക് രണ്ട് മാസത്തെ പെൻഷൻ തുകയും ലഭിച്ചതോടെ നഗരങ്ങളിലെ തുണികടകളിൽ വൻ തിരക്കായി . വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ നാട്ടുമ്പുറങ്ങളിലും നഗരങ്ങളിലും ഓണാഘോഷപരിപാടികൾ ഇക്കുറി കുറവാണ്. മാളുകളും സൂപ്പർമാർക്കറ്റുകളും ഓണം നിറമാക്കാൻ വമ്പൻ ഓഫറുകളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഗൃഹോപകരണങ്ങൾ അടക്കം തവണ വ്യവസ്ഥയിൽ വില ഈടാക്കി വില്പന നടത്തിവരുന്നു.

എന്തുകൊണ്ടും സമ്പന്നമായ തിരവോണമാണ് കടന്നുവരുന്നത്. വിപണിയിലെ തിരക്കും ആവേശവും അതാണ് കാണിക്കുന്നത്.

കൃഷ്ണസ്വാമി

സാമൂഹ്യ സേവകൻ

മൂവാറ്റുപുഴ

ഒരു കിലോ പൂവിന്റെ വിപണി വില

500 രൂപ വരെ

പ്രമുഖ ഹോട്ടലുകളും ബേക്കറികളും കാറ്ററിംഗ് സ്ഥാപനങ്ങളും തിരുവോണ സദ്യയുടെ ഓർഡർ സ്വീകരിച്ചു തുടങ്ങി

തിരുവോണ സദ്യ ഫാമിലി പായ്ക്ക്

1400 മുതൽ 5000 രൂപ വരെ

ഇന്ന് മുതൽ പായസ വിപണിയും സജീവമാകും.

സപ്ലെകോ ഓണവിപണിയും സഹകരണ സംഘങ്ങൾ, കൃഷിഭവനുകൾ എന്നിവയുടെ ഓണചന്തകളും സജീവമായി

സാധാരണയിൽ നിന്ന് വ്യത്യസ്തമായി ഓണക്കാലത്ത് പച്ചക്കറിക്ക് വിലകുറഞ്ഞത് ആശ്വാസം ഇക്കുറി തെരുവുകച്ചവടക്കാർ 100രൂപക്ക് വരെ സാമ്പാർ, അവിയൽ കിറ്റുകൾ നൽകിവരുന്നു അച്ചാർ, കായ വറുത്തത്, ശർക്കരവരട്ടി തുടങ്ങിയവയുടെ വില്പന കുടുംബശ്രീ യൂണിറ്റുകൾ സ്റ്റാളുകൾ വഴി മിതമായ നിരക്കിൽ ആപ്പിൾ അടക്കമുള്ള പഴവർഗങ്ങൾക്കും വിലക്കുറവ്