
കൊച്ചി: സംസ്ഥാന സർക്കാരിന്റെ മെഡിസെപ് ക്ലെയിം ലഭിക്കാനുള്ളത് 6,88,971 അപേക്ഷകളിൽ. ജൂലായ് 30 വരെയുള്ള കണക്കാണിതെന്ന് ധനകാര്യ ഹെൽത്ത് ഇൻഷ്വറൻസ് അണ്ടർ സെക്രട്ടറിയുടെ ഓഫീസ് വ്യക്തമാക്കി.
11 ലക്ഷം ജീവനക്കാരും പെൻഷൻകാരും ഉൾപ്പെടെ 30 ലക്ഷം ഗുണഭോക്താക്കളാണ് മെഡിസെപിലുള്ളത്. 2022 ജൂലായ് ഒന്നിന് ആരംഭിച്ച മെഡിസെപ് പദ്ധതിയിൽ 1,57,768 സർക്കാർ ജീവനക്കാർക്കും 1,29,721 പെൻഷൻകാർക്കും ഉൾപ്പെടെ 2,87,489 പേർക്കാണ് ജൂലായ് വരെ ആനുകൂല്യം ലഭിച്ചത് - 1,342 കോടി രൂപ.
3,36,359 സർക്കാർ ജീവനക്കാരും 3,52,612 പെൻഷൻകാരുമുൾപ്പെടെയാണ് 6,88,971 അപേക്ഷകൾ കെട്ടിക്കിടക്കുന്നത്. പദ്ധതിയിലേക്ക് പ്രതിമാസം 500 രൂപ ഗുണഭോക്താക്കളിൽ നിന്ന് പ്രീമിയമായി വകയിരുത്തുന്നുണ്ട്. കാക്കനാട് സ്വദേശി രാജു വാഴക്കാലയ്ക്ക് ലഭിച്ച വിവരാവകാശ മറുപടിയിലാണ് വിവരങ്ങളുള്ളത്.
മെഡിസെപ് പദ്ധതിയിൽ അംഗമായ ഗുണഭോക്താവിനും കുടുംബത്തിനും പ്രതിവർഷം മൂന്ന് ലക്ഷം രൂപ ബേസിക് ബെനഫിറ്റ് പാക്കേജും അവയവമാറ്റ ശസ്ത്രക്രിയകൾക്ക് അനുവദനീയമായ നിശ്ചിത തുകയുമാണ് ലഭിക്കുന്നത്. മെഡിസെപ് ആനുകൂല്യം ലഭിക്കുമെന്ന പ്രതീക്ഷയിൽ ചികിത്സ തേടിയവരാണ് സർക്കാരിന്റെ പുതിയ നിലപാടോടെ വെട്ടിലാകുന്നത്.
മെഡിസെപ് പദ്ധതി
എംപാനൽഡ് ആശുപത്രികളിൽ ക്യാഷ്ലെസ് ചികിത്സ, പ്രായപരിധിയില്ല
നിലവിലുള്ള അസുഖങ്ങൾക്കും മെഡിക്കൽ ചെക്കപ്പില്ലാതെ പരിരക്ഷ
സർക്കാർ, സ്വകാര്യ ആശുപത്രികളും പദ്ധതിയിൽ
ജീവനക്കാരുടെയും പെൻഷൻകാരുടെയും കുടുംബത്തിന് പൂർണ്ണ പരിരക്ഷ
അവയവമാറ്റത്തിനും 12 മാരക രോഗങ്ങൾക്കും 35 കോടി
മെഡിക്കൽ, ശസ്ത്രക്രിയ, ഡേകെയർ ചികിത്സകൾ (ഡയാലിസിസ്, കീമോ തെറാപ്പി, തിമിര ശസ്ത്രക്രിയ) എന്നിവ ഉൾക്കൊള്ളുന്ന 1,920 പാക്കേജുകൾ
അടിയന്തര സാഹചര്യങ്ങളിൽ എംപാനൽ ചെയ്യപ്പെടാത്ത ആശുപത്രികളിലും പരിരക്ഷ
കിടത്തിചികിത്സ ആരംഭിക്കുന്നതിന് 15ദിവസം മുമ്പും, ചികിത്സയ്ക്കു ശേഷം 15 ദിവസം വരെയും പരിരക്ഷ
അവയവ മാറ്റത്തിന് 3 മുതൽ 20 ലക്ഷം വരെ