കൊച്ചി: കളമശേരി നഗരസഭയിലെ പൊട്ടച്ചാൽ, പരുത്തേലി പ്രദേശങ്ങളിൽ പ്രളയ - വെള്ളക്കെട്ട് സാദ്ധ്യതകൾ ഒഴിവാക്കുന്നതിന് നടപ്പാക്കുന്ന 14.5 കോടിയുടെ പദ്ധതിക്ക് മന്ത്രിസഭാ അംഗീകാരം. പദ്ധതി 18 മാസങ്ങൾക്കുള്ളിൽ പൂർത്തിയാക്കുമെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. 1037 മീറ്റർ ദൈർഘ്യത്തിൽ തോടിന്റെ വീതികൂട്ടും.

നഗരസഭയിലെ അൽഫിയനഗർ, അറഫാനഗർ, വിദ്യാനഗർ, കൊച്ചി സർവകലാശാല തുടങ്ങിയ പ്രദേശങ്ങളിൽ വെള്ളക്കെട്ട് പൂർണമായി ഒഴിവാക്കുന്നത് ലക്ഷ്യമിട്ടാണ് റീബിൽഡ് കേരളയിൽ ഉൾപ്പെടുത്തി പദ്ധതി നടപ്പാക്കുന്നത്. റീബിൽഡ് കേരള ഇനീഷ്യേറ്റീവ് ഇംപ്‌ളിമെന്റേഷൻ കമ്മിറ്റി പദ്ധതിക്ക് അംഗീകാരം നൽകിയിരുന്നു.

വർഷങ്ങളായി വെള്ളക്കെട്ടുള്ള പ്രദേശത്ത് മന്ത്രിയുടെ നിർദ്ദേശപ്രകാരം ജലവിഭവ വകുപ്പ് മാപ്പിംഗ് നടത്തിയാണ് പരിഹാരപദ്ധതി തയ്യാറാക്കിയത്. ബോക്‌സ് കൽവർട്ട് ഉപയോഗിച്ച് വീതികൂട്ടി തോട് സംരക്ഷിക്കുന്നതാണ് പദ്ധതി. മഴക്കാലത്തെത്തുന്ന വെള്ളംമുഴുവൻ സുഗമമായി ഒഴുകിപ്പോകാൻ വഴിയൊരുക്കുന്ന വിധത്തിലാണ് പദ്ധതിയുടെ രൂപകല്പനയെന്ന് ഇറിഗേഷൻ വകുപ്പ് അറിയിച്ചു.

കൈയേറ്റംമൂലം തോടിന്റെവീതി ഗണ്യമായി കുറഞ്ഞിരുന്നു. പല സ്ഥലങ്ങളിലും നേരിയ നീർച്ചാലായി തോട് മാറി. ജനവാസ മേഖലകളായ പൊട്ടച്ചാൽ, കുസാറ്റ് തുടങ്ങിയ മേഖലകളിൽ വെള്ളക്കെട്ട് പൂർണമായും ഒഴിവാക്കാൻ പദ്ധതിയിലൂടെ കഴിയുമെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു.