kerala-highcourt

കൊച്ചി: കഥാകൃത്തായ യുവതിയെ സിനിമാ ചർച്ചയ്‌ക്കായി ഹോട്ടൽ മുറിയിൽ വിളിച്ചുവരുത്തി ലൈംഗികാതിക്രമം നടത്തിയെന്ന കേസിൽ സംവിധായകൻ വി.കെ. പ്രകാശിന് ഉപാധികളോടെ മുൻകൂർ ജാമ്യം. പ്രകാശ് ഒരാഴ്ചയ്ക്കകം അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ കീഴടങ്ങണം. അറസ്റ്റുചെയ്യുന്ന പക്ഷം ജാമ്യത്തിൽ വിടണമെന്നും ജസ്റ്റിസ് സി.എസ്. ഡയസ് ഉത്തരവിട്ടു.

രണ്ടു ലക്ഷം രൂപയുടെ സ്വന്തം ബോണ്ടിലും തത്തുല്യമായ രണ്ട് ആൾജാമ്യത്തിലുമാണ് മുൻകൂർ ജാമ്യം. പ്രകാശിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ട സാഹചര്യമില്ലെന്ന് കോടതി വിലയിരുത്തി. എന്നാൽ തുടർച്ചയായി മൂന്നു ദിവസം രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2വരെ ചോദ്യംചെയ്യലിന് വിധേയനാകണം. അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെടുന്ന പക്ഷം തുടർന്നും ഹാജരാകണം. ആവശ്യമെങ്കിൽ മെഡിക്കൽ പരിശോധന നടത്താം. ഈ കേസിൽ പരാതി നൽകുന്നത് രണ്ടു വർഷത്തിലധികം വൈകി. വി.കെ. പ്രകാശിന് ക്രിമിനൽ പശ്ചാത്തലമില്ലെന്നതും കോടതി കണക്കിലെടുത്തു.