
മൂവാറ്റുപുഴ: നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ ശ്രദ്ധ നേടിയ വാഴക്കുളം മർച്ചന്റ്സ് അസോസിയേഷൻ ഭവനം സാന്ത്വനം എന്ന പേരിൽ നിർദ്ധനരും രോഗികളുമായവർക്ക് ഭവനം നിർമ്മിച്ചു നൽകുന്ന പ്രവർത്തനത്തിന് തുടക്കം കുറിച്ചു. എല്ലാ വർഷവും ഓണത്തിനോടനുബന്ധിച്ച് ഒരു വീട് നിർമ്മിച്ച് നൽകുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഭവനം സാന്ത്വനം പദ്ധതിയുടെ ആദ്യ ഭവനം അമ്മക്കൊരു വീട് എന്ന പേരിൽ വാഴക്കുളം സ്വദേശിയായ 73 വയസ് പ്രായമുള്ള വിധവയ്ക്കാണ് നിർമ്മിച്ച് നൽകുന്നത്. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി എറണാകുളം ജില്ലാ പ്രസിഡന്റ് പി.സി. ജേക്കബ് ആദ്യ ഭവനത്തിന്റെ ശിലാസ്ഥാപന കർമ്മം നിർവഹിച്ചു. വാഴക്കുളത്തെ വ്യാപാരികൾ ശ്രമദാനമായിട്ടാകും വീട് നിർമ്മിച്ചു നൽകുക. വാഴക്കുളം ടൗണിനോട് ചേർന്ന് ആവോലി പഞ്ചായത്ത് ഏഴാം വാർഡിലാണ് വീട് നിർമ്മിക്കുന്നത്. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി എറണാകുളം ജില്ല വർക്കിംഗ് പ്രസിഡന്റ് ജിമ്മി ചക്യത്ത്, നിയോജകമണ്ഡലം പ്രസിഡന്റ് തോമസ് വർഗീസ്, ആവോലി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജു മുള്ളംകുഴിയിൽ, വാർഡ് മെമ്പർ പ്രീമ സിമിക്സ് , ഫാ. തോമസ് മഞ്ഞക്കുന്നേൽ, ഫാ. ഫ്രാൻസിസ് ആലപ്പാട്ട്, യൂണിറ്റ് ജനറൽ സെക്രട്ടറി ടോമി തോമസ്, ട്രഷറർ എം.പി. ശൈലജ, നൈസി ഡോമിനിക്, അരുൺ ജോർജ് എന്നിവർ പങ്കെടുത്തു.
വർഷത്തിലൊരിക്കൽ വാഴക്കുളത്തെ 650 ഓളം വരുന്ന വ്യാപാരികൾ ഒരു ദിവസത്തെ വരുമാനം പദ്ധതിയിലേക്ക് നൽകുമ്പോൾ എല്ലാ വർഷവും ഓണക്കാലത്ത് ഒരു കുടുംബത്തിന് വീട് നിർമ്മിച്ചു നൽകുക എന്ന സ്വപ്നം യാഥാർത്ഥ്യമാകും
സിജു സെബാസ്റ്റ്യൻ താണിക്കൽ
പ്രസിഡന്റ്
മർച്ചന്റ്സ് അസോസിയേഷൻ
വാഴക്കുളം