
കൊച്ചി: ആൾക്കൂട്ടങ്ങളും ആഘോഷങ്ങളുമില്ലാതെ ആലുവ പെരിയാറിൻ തീരത്തെ വീട്ടിലിരുന്ന് പതിറ്റാണ്ടുകളായി കല്ലിലും ചെമ്പിലും മറ്റും ശ്രദ്ധേയമായ ശില്പങ്ങൾ പണിതെടുത്ത അനില ജേക്കബ് എന്ന കലാകാരി അയർലൻഡിലേയ്ക്ക് യാത്രയാവുന്നു. ലിമറിക് യൂണിവേഴ്സിറ്റിയിൽ ന്യൂറോ സർജനായ മകൻ ഡോ. പ്രേം ജേക്കബിനൊപ്പമാണ് 83കാരി ശില്പിയുടെ ശിഷ്ടജീവിതം.
രണ്ടര വർഷം മുമ്പ് ഭർത്താവ് ജേക്കബിന്റെ വിയോഗത്തെ തുടർന്ന് ആലുവയിൽ മൂന്നാർ റോഡിലെ ചാലക്കൽ പകലോമറ്റത്ത് വീട്ടിൽ ഒറ്റയ്ക്കായിരുന്നു അനില. മകൾ പ്രിയ അമേരിക്കയിലാണ്. ഇന്നു മുതൽ മൂന്ന് ദിവസം നീളുന്ന ശില്പപ്രദർശനം നടത്തിയ ശേഷമാണ് യാത്ര. അനിലം എന്ന പ്രദർശനം ഇന്ന് വൈകിട്ട് നാലിന് മുൻസാംസ്കാരിക വകുപ്പ് മന്ത്രി എം.എ.ബേബി ഉദ്ഘാടനം ചെയ്യും. 30 ശില്പങ്ങളാണ് പ്രദർശനത്തിലുള്ളത്. ഇവയെല്ലാം മകന്റെ വീടിൽ ഗ്യാലറിയൊരുക്കി സൂക്ഷിക്കും.
പണിക്കരുടെ ശിഷ്യ, പത്മിനിയുടെ സഹപാഠി
300ഓളം സവിശേഷമായ ചിത്രങ്ങൾ കലാലോകത്തിന് നൽകി 1969ൽ 29-ാം വയസിൽ വിടപറഞ്ഞ അക്കാലത്തെ ഏറ്റവും പ്രശസ്തയായ ചിത്രകാരികളിലൊരാളായ ടി.കെ. പത്മിനിക്കൊപ്പം ചെന്നൈ ഫൈൻ ആർട്ട്സ് കോളേജിൽ പഠിച്ചു. ചിത്രരചന പഠിക്കാൻ ചെന്ന അനിലയെ ശില്പകലയിലേക്ക് വഴിതിരിച്ചുവിട്ടത് വിശ്രുത കലാകാരനായ കോളേജ് പ്രിൻസിപ്പൽ കെ.സി.എസ്. പണിക്കരാണ്.
നേട്ടങ്ങളേറെ
1965ൽ ആദ്യദേശീയ ശില്പപുരസ്കാരം നേടുന്ന വനിതായായി. സംസ്ഥാന സർക്കാരിന്റെ പത്മിനി പുരസ്കാരം, രാജാ രവിവർമ്മ പുരസ്കാരം തുടങ്ങി നിരവധി അംഗീകാരങ്ങളും തേടിയെത്തി. മദ്രാസ് ലളിതകലാ അക്കാഡമി, കേന്ദ്ര ലളിതകലാ അക്കാഡമി, കൊച്ചി വിമാനത്താവളം തുടങ്ങി നിരവധിയിടങ്ങളിൽ അനിലയുടെ ശില്പങ്ങൾ ഇടംപിടിച്ചിട്ടുണ്ട്.
ഫോർട്ടുകൊച്ചിയിൽ ആംബിയൻസ് എന്ന കൂറ്റൻ ശിലാശില്പം, അതേ സീരീസിലുള്ള പാലക്കാട് കോട്ടയിലെ ശില്പം, കോഴിക്കോട് കടപ്പുറത്തെ ശില്പം തുടങ്ങിയവ ഏറെ ശ്രദ്ധിക്കപ്പെട്ടു. വിദേശത്തുൾപ്പെടെ പ്രദർശനങ്ങളും സംഘടിപ്പിച്ചു. മരം, ചെമ്പ്, പിച്ചള, സിമന്റ് തുടങ്ങിയവയിലാണ് അനിലയുടെ കലാവൈഭവം. ആദിവാസി കലാരൂപങ്ങളുടെയും അനുഷ്ഠാനകലകളുടെയും സ്വാധീനമാണ് ശില്പങ്ങളിൽ കൂടുതൽ പ്രകടം.