chendumally

മൂവാറ്റുപുഴ: മഞ്ഞള്ളൂർ ഗ്രാമപഞ്ചായത്തിൽ കൃഷിഭവന്റെ നേതൃത്വത്തിൽ ചെണ്ടുമല്ലി പൂ വിപ്ലവം. സ്റ്റേറ്റ് ഹോർട്ടികൾച്ചർ മിഷൻ പദ്ധതിയിൽ മഞ്ഞള്ളൂർ കൃഷിഭവൻ മുഖേന നടപ്പിലാക്കിയ പുഷ്പ കൃഷിയിൽ 15000 ചെണ്ടുമല്ലി തൈകളാണ് പഞ്ചായത്തിലെ വിവിധ സ്ഥാപനങ്ങൾ, സ്കൂളുകൾ, കർഷകർ, കുടുംബശ്രീ അംഗങ്ങൾ, വിവിധ സംഘടന പ്രതിനിധികൾ എന്നിവർക്ക് വിതരണം ചെയ്തത്. ഓണമെത്തിയതോടെ ചെണ്ടുമല്ലി വിളവെടുപ്പും ആരംഭിച്ചു. ഓണത്തിന് ആഴ്ചകൾക്ക് മുമ്പ് വിളവെടുത്ത പൂക്കൾ വില്ക്കുന്നത് കർഷകർക്ക് പ്രതിസന്ധി സൃഷ്ടിച്ചങ്കിലും ഓണം അടുത്തതോടെ പൂക്കൾക്ക് ആവശ്യക്കാർ ഏറി. ചിലവ് കുറവും നല്ല വിളവും വിലയും ലഭിക്കുന്നതാണ് പച്ചക്കറിക്ക് പകരമായി ചെണ്ടുമല്ലി കൃഷിയിലേക്ക് കർഷകരെ ആകർഷിച്ചത്. തരിശായി കിടന്ന സ്ഥലങ്ങളിൽ ഓറഞ്ചും മഞ്ഞയും ചേർന്നുള്ള ചെണ്ടുമല്ലി പൂത്ത് നിൽക്കുകയാണ്. ഓണവിപണി ലക്ഷ്യമിട്ട് മഞ്ഞള്ളൂർ ഗ്രാമപഞ്ചായത്തിൽ കൃഷിയിറക്കിയ ചെണ്ടുമല്ലി വിളവെടുപ്പ് പുരോഗമിക്കുന്നു. ഗ്രാമപഞ്ചായത്തിലെ 12-ാം വാർഡിൽ മെമ്പർ അനിത റെജിയും കർഷക അവാർഡ് ജേതാവുമായ സന്ധ്യ ശിവൻ എന്നിവരുടെ നേതൃത്വത്തിൽ പാട്ടത്തിനെടുത്ത 30 സെന്റ് സ്ഥലത്ത് 3000 തൈകളാണ് നട്ടത്.

ഇന്നലെ നടന്ന വിളവെടുപ്പിൽ നൂറിലേറെ കിലോഗ്രാം പൂക്കൾ വിളവെടുത്തു. ഈ പൂക്കൾ തോട്ടത്തിൽ വച്ചുതന്നെ വില്ക്കുകയും ചെയ്തു. പൂക്കടകളിലും സ്‌കൂളുകളിലെ ഓണാഘോഷങ്ങൾക്കും ചെണ്ടുമല്ലി പൂക്കൾ വാങ്ങാൻ ആളുകൾ ഏറെയാണ് വരുന്നത്.

അനിത റെജി

പഞ്ചായത്ത് മെമ്പർ