
മൂവാറ്റുപുഴ: കാർഷിക ഉത്പാദനം ഉയരുമ്പോഴും കർഷകരുടെ വരുമാനം വർദ്ധിക്കാത്തത് പഠനവിധേയമാക്കണമെന്ന് കർഷക കോൺഗ്രസ്. ഓണക്കാലത്ത് പോലും കർഷകർ ദുരിതം പേറിയാണ് ജീവിക്കുന്നതെന്നും ജനങ്ങൾ വിലക്കയറ്റത്തിൽ പൊറുതിമുട്ടുമ്പോൾ സർക്കാർ ഓണം വിപണിയിൽ ഇടപെടാതെ നോക്കുകുത്തിയായി മാറിയെന്നും കർഷക കോൺഗ്രസ് മൂവാറ്റുപുഴ നിയോജക മണ്ഡലം കമ്മിറ്റി ആരോപിച്ചു. കർഷക കോൺഗ്രസ് മൂവാറ്റുപുഴ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരഞ്ഞെടുക്കപ്പെട്ട 101 കർഷകരെ ആദരിക്കുന്ന ചടങ്ങ് മാത്യു കുഴൽനാടൻ എം.എൽ.എ കർഷകർക്ക് പൊന്നാടയും പുരസ്‌കാരവും നൽകി ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് കെ.വി. കുര്യാക്കോസ് അദ്ധ്യക്ഷനായി. മുൻ എം.എൽ.എ ജോസഫ് വാഴയ്ക്കൻ മുഖ്യപ്രഭാഷണം നടത്തി. കെ.പി.സി.സി സെക്രട്ടറി കെ.എം. സലിം, മുഹമ്മദ് പനയ്ക്കൽ, കെ.ജെ. ജോസഫ്, ഉല്ലാസ് തോമസ്, കെ.ജി. രാധാകൃഷ്ണൻ, മാണി പിട്ടാപ്പള്ളിൽ, സാബു ജോൺ, സുഭാഷ് കടക്കോട്, പി.എം. ഏലിയാസ്, പി.എസ്. സലിം ഹാജി, റെജി പ്ലാച്ചേരി, എ.പി. കുര്യാക്കോസ്, പി.എ. അനിൽ, കെ. ഭദ്രപ്രസാദ്, സന്തോഷ് ഐസക്, കൃഷ്ണൻകുട്ടി, ചെറിയാൻ ഇടയത്ത് എന്നിവർ സംസാരിച്ചു.