anila

ആലുവ: കേരള ലളിതകല അക്കാഡമിയുടെ ആഭിമുഖ്യത്തിൽ പ്രശസ്ത ശില്പി അനില ജേക്കബിന്റെ ശില്പങ്ങളുടെ പ്രദർശനം 'അനിലം' ഇന്ന് വൈകിട്ട് നാലിന് ചാലയ്ക്കൽ പകലോമറ്റത്ത് അവരുടെ വസതിയിൽ സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി ഉദ്ഘാടനം ചെയ്യും. അൻവർ സാദത്ത് എം.എൽ.എ അദ്ധ്യക്ഷനാകും. അക്കാ‌ഡമി ചെയർമാൻ മുരളി ചീരോത്ത് മുഖ്യ പ്രഭാഷണം നടത്തും. മനോജ് മൂത്തേടൻ, നേമം പുഷ്പരാജ്, എൻ. ബാലമുരളി കൃഷ്ണൻ എന്നിവർ പങ്കെടുക്കും.

ചിത്രകാരി ടി.കെ. പത്മിനി പഠിച്ച കലാലയത്തിൽ അതേ കാലത്ത് കല അഭ്യസിച്ച അനിലയുടെ കലയും ജീവിതവും ആ നിലയിൽ മലയാളി സമൂഹം ചർച്ച ചെയ്തില്ലെന്നും ഈ സാഹചര്യത്തിൽ അവരുടെ കൂടി താത്പര്യപ്രകാരമാണ് മൂന്ന് ദിവസം നീണ്ടുനില്ക്കുന്ന ശില്പ പ്രദർശനം സംഘടിപ്പിക്കുന്നതെന്നും ലളിതകലാ അക്കാഡമി വൈസ് ചെയർപേഴ്സൺ എബി എൻ. ജോസഫ് പറഞ്ഞു. തടിയിലും ലോഹത്തിലുമാണ് അനില ജേക്കബിന്റെ ശിൽപങ്ങളിൽ ഏറെയും. 1961ൽ കെ.സി.എസ്. പണിക്കരുടെ ശിഷ്യയായി ചെന്നൈയിൽ ചിത്രകല പഠിച്ചിറങ്ങിയ അനിലയ്ക്ക് സാംസ്‌കാരിക വകുപ്പിന്റെ രാജാരവിവർമ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. 1965ൽ പഠനകാലത്തു ദേശീയ പുരസ്‌കാരത്തിന് അർഹയായി.