
കൊച്ചി: ഇടപ്പള്ളി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡ്യൂട്ടി ഡോക്ടറെയും ഹെഡ് നഴ്സിനെയും അക്രമിക്കുമെന്ന് ഭീഷണിപ്പെടുത്തിയാൾക്കെതിരെ പൊലീസ് നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് കേരള ഗവൺമെന്റ് മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ (കെ.ജി.എം.ഒ.എ) ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. കുടുംബാരോഗ്യ കേന്ദ്രത്തിനുമുന്നിൽ നടത്തിയ പ്രതിഷേധസമരം ജില്ലാ പ്രസിഡന്റ് ഡോ.മുഹമ്മദ് സലീം ഉദ്ഘാടനം ചെയ്തു.
കഴിഞ്ഞ ഒൻപതിന് ആശുപത്രിയിൽ ഡ്രസിംഗിനെത്തിയ തൃശൂർ സ്വദേശിക്കെതിരെയാണ് എളമക്കര പൊലീസിൽ ഡ്യൂട്ടിഡോക്ടറും ഹെഡ് നഴ്സും പരാതി നൽകിയത്. ക്യൂവിൽ നിൽക്കാൻ ഡോക്ടർ ആവശ്യപ്പെട്ടതാണ് പ്രകോപന കാരണം. ഡ്രസിംഗ് കഴിഞ്ഞ് ആശുപത്രിവിട്ട ഷാജു ഉച്ചയ്ക്ക് വീണ്ടും ആശുപത്രിയിൽ എത്തിയാണ് ഭീഷണിപ്പെടുത്തിയത്. പൊലീസിൽ പരാതിപ്പെട്ടതിനെ തുടർന്ന് പത്താംതീയതി വീണ്ടും ഷാജു ആശുപത്രിയിലെത്തി പ്രശ്നമുണ്ടാക്കി.
ആശുപത്രി സംരക്ഷണനിയമം അനുസരിച്ച് പ്രതിക്കെതിരെ നടപടിയെടുക്കണമെന്ന് ഭാരവാഹികൾ ആവശ്യപ്പെട്ടു.
ഡോ. നിഖിലേഷ് മേനോൻ, ഡോ.കെ. സുധീഷ്, ഡോ. എൻ.എസ്. കിഷോർ, ഡോ.കെ. സവിത, പി.കെ. സ്മിത, എം.പി. സുനിത തുടങ്ങിയവർ പ്രസംഗിച്ചു.