y
തർക്ക സ്‌ഥലത്തെ നിർമാണ പ്രവർത്തനങ്ങൾ നിറുത്തി വച്ച നിലയിൽ

മരട്: മരട് നഗരസഭ - കുമ്പളം പഞ്ചായത്ത് അതിർത്തി തർക്കസ്‌ഥലത്തെ നിർമ്മാണ പ്രവർത്തനങ്ങൾ 15 ദിവസത്തേക്ക് താത്കാലികമായി നിറുത്തിവയ്ക്കാൻ മരട് നഗരസഭാ സെക്രട്ടറി നോട്ടീസ് നൽകി. തർക്കസ്ഥലത്തെ നിർമ്മാണം നിറുത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കുമ്പളം പഞ്ചായത്ത് പ്രസിഡന്റ് മരട് നഗരസഭാ സെക്രട്ടറിക്ക് നൽകിയ കത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. തദ്ദേശ സ്ഥാപനങ്ങളുടെ തർക്കത്തെതുടർന്ന് എറണാകുളം സ്വദേശി നിർമ്മാണമാരംഭിച്ച ഷോപ്പിങ്ങ് സമുച്ചയത്തിന്റെ കാര്യം ഇതോടെ പരുങ്ങലിലായി.

മുമ്പ് നഗരസഭാ പ്രദേശത്ത് നഗരസഭയുടെ ബോർഡ് സ്ഥാപിച്ചപ്പോഴും തർക്കം ഉണ്ടായിരുന്നു. ഈ പ്രദേശങ്ങളെല്ലാം മരട് വില്ലേജിൽ പെട്ടതാണെന്നും ഇവർ കെട്ടിടനികുതി അടയ്ക്കുന്നത് മരട് നഗരസഭയിലാണെന്നും നഗരസഭാ അധികൃതർ വ്യക്തമാക്കി. വിഷയത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് നഗരസഭ ചെയർമാൻ ആന്റണി ആശാൻപറമ്പിൽ കളക്ടർക്കു കത്തുനൽകി. തർക്കങ്ങൾ പ്രദേശത്തെ ജനങ്ങളെ ബാധിക്കാത്ത രീതിയിൽ അടിയന്തരമായി പരിഹരിക്കണമെന്നാണ് ആവശ്യം.