
കൊച്ചി: വാളയാർ പെൺകുട്ടികളെ അപകീർത്തിപ്പെടുത്തുന്ന പരാമർശം മാദ്ധ്യമങ്ങളിലൂടെ നടത്തിയെന്നാരോപിച്ച് കേസിലെ മുൻ അന്വേഷണ ഉദ്യോഗസ്ഥൻ എം.ജെ. സോജനെതിരെ രജിസ്റ്റർ ചെയ്തിരുന്ന ക്രിമിനൽ കേസ് ഹൈക്കോടതി റദ്ദാക്കി. പെൺകുട്ടികളുടെ അമ്മയുടെ പരാതിയിൽ പാലക്കാട് പോക്‌സോ കോടതി ഉത്തരവ് പ്രകാരം രജിസ്റ്റർ ചെയ്ത കേസാണ് ജസ്റ്റിസ് എ. ബദറുദ്ദീൻ റദ്ദാക്കിയത്. അതേസമയം, മരിച്ച പെൺകുട്ടികളെ താഴ്‌ത്തിക്കെട്ടുന്ന വിധത്തിൽ ആധികാരികത പരിശോധിക്കാതെ ഇത്തരമൊരു കാര്യം സംപ്രേക്ഷണം ചെയ്ത സ്വകാര്യ ചാനലിനും ലേഖകനുമെതിരെ ആവശ്യമെങ്കിൽ കേസെടുക്കാമെന്നും കോടതി വ്യക്തമാക്കി.
ലൈംഗിക ചൂഷണത്തിന് ഇരയായതിന് കുട്ടികളും കാരണക്കാരാണെന്ന മട്ടിൽ എം.ജെ. സോജന്റെ പ്രതികരണം ചാനൽ സംപ്രേക്ഷണം ചെയ്തതാണ് കേസിനിടയാക്കിയത്. പീഡനം പെൺകുട്ടികൾ ആസ്വദിച്ചിരുന്നുവെന്ന തരത്തിൽ അദ്ദേഹം മാദ്ധ്യമങ്ങളിൽ സംസാരിച്ചെന്നായിരുന്നു അമ്മയുടെ പരാതി.സോജൻ തന്നോടു പറഞ്ഞ മോശം വാക്കുകൾ ലേഖകൻ റെക്കാഡ് ചെയ്ത് ചാനലിലൂടെ പുറത്തുവിട്ടതാണ് നിയമലംഘനമെന്നും കോടതി വിലയിരുത്തി. ഈ സാഹചര്യത്തിൽ പോക്‌സോ നിയമത്തിലെ 23(1) വകുപ്പു പ്രകാരമുള്ള കേസ് സോജനെതിരെ നിലനിൽക്കില്ല. സോജൻ നിലവിൽ എറണാകുളം ക്രൈംബ്രാഞ്ച് സെൻട്രൽ യൂണിറ്റ് എസ്.പിയാണ്.