പെരുമ്പാവൂർ: വെങ്ങോല പഞ്ചായത്തിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് അടിയന്തര നടപടി വേണമെന്ന ആവശ്യം ശക്തമാകുന്നു. വിഷയത്തിൽ എൽദോസ് കുന്നപ്പിള്ളി എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ജനപ്രതിനിധികൾ, ജല അതോറിറ്റി -പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ, വിവിധ കക്ഷിരാഷ്ട്രീയ പ്രവർത്തകർ എന്നിവരുടെ യോഗം പഞ്ചായത്ത് ഓഫിസിൽ ചേർന്നു. കുടിവെള്ള പ്രശ്നം നേരിടുന്ന വാർഡുകളിലെ ട്വന്റി ട്വന്റി പഞ്ചായത്ത് അംഗങ്ങൾ ചർച്ചയിൽ നിന്ന് വിട്ടു നിന്നു.
എന്നാൽ, ബി.എം ബി.സി. നിലവാരത്തിൽ പുനർനിർമ്മിച്ച എ.എം റോഡ് വീണ്ടും കുത്തിപ്പൊളിക്കാൻ അനുവദിക്കില്ലെന്ന നിലപാടാണ് പൊതുമരാമത്ത് വകുപ്പിന്റേത്. അതേസമയം, റോഡ് പുനർനിർമാണത്തിന് മുമ്പേ പൈപ്പുകൾ കൊണ്ടുവന്നെങ്കിലും ജല അതോറിറ്റിയുടെ ഭാഗത്തുനിന്ന് നടപടിയുണ്ടായില്ലെന്നാണ് എതിർപക്ഷത്തിന്റെ ആരോപണം.
ഇക്കാര്യത്തിൽ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടേയോ ഭാഗത്തുനിന്ന് ദീർഘവീക്ഷണത്തോടെയുള്ള നടപടിയോ, വകുപ്പുകൾ തമ്മിലുള്ള ഏകോപനമോ ഉണ്ടായില്ലെന്നതാണ് യാഥാർഥ്യം. റോഡുപണി കഴിഞ്ഞയുടനെ കുടിവെള്ള പൈപ്പിടാനായി റോഡ് കുത്തിപ്പൊളിക്കുന്ന പണി അനുവദിക്കില്ലെന്ന പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ നിലപാടാണ് പൊതുമരാമത്ത് വകുപ്പിലെ ഉദ്യോഗസ്ഥരെ പിന്നോട്ടു വലിക്കുന്നത്.
യോഗത്തിൽ വെങ്ങോല പഞ്ചായത്ത് പ്രസിഡന്റ് ഷിഹാബ് പള്ളിക്കൽ, വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം.അൻവർ അലി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷെമിത ഷെരീഫ്, പഞ്ചായത്ത് അംഗങ്ങളായ എൻ ബി ഹമീദ്, പി.പി. എൽദോസ്, പ്രീതി വിനയൻ, വാസന്തി രാജേഷ്,സുബൈർ എ എം, ഷിജി എൽസൺ, നസീമ റഹീം, വാട്ടർ അതോറിറ്റി എക്സിക്യൂട്ടീവ് എൻജിനീയർ സിന്ധു സി. നായർ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർമാരായ സിന്ധു ജോയ്, പി.എ. അബ്ദുൽ ഖാദർ, പൊതുമരാമത്ത് റോഡ്സ് വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എൻജിനിയർ എം.വി. ഉഷസ്, വിവിധ രാഷ്ട്രീയ നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.
വെങ്ങോലയിലെ നാട്ടുകാരുടെ മുന്നിലെ പ്രധാന പ്രശ്നം കുടിവെള്ള പദ്ധതി നടപ്പാക്കണമെങ്കിൽ റോഡ് കുത്തിപ്പൊളിക്കേണ്ടിവരും എന്നത് എ.എം റോഡ് ഉന്നതനിലവാരത്തിൽ ടാർ ചെയ്തത് ദീർഘകാലത്തെ കാത്തിരിപ്പിനൊടുവിൽ വെങ്ങോല പഞ്ചായത്തിലേക്ക് ജല അതോറിറ്റി കുടിവെള്ളം എത്തിക്കുന്നത് പെരുമ്പാവൂരിൽ നിന്ന്
കാലഹരണപ്പെട്ട പൈപ്പുകൾ മാറ്റി പുതിയവ സ്ഥാപിക്കാൻ സർക്കാർ അനുവദിച്ചത് 9 കോടി രൂപ. ഇതിന്റെ ഭാഗമായി റോഡിൽ പലയിടങ്ങളിലായി പുതിയ പൈപ്പുകൾ ഇറക്കിയിടുകയും ചെയ്തു.
ജില്ലാ കളക്ടറുടെ ചേമ്പറിൽ വെള്ളിയാഴ്ച ഈ പ്രശ്നത്തിൽ വീണ്ടും ചർച്ച നടത്തും. കുടിവെള്ളം വേണമെങ്കിൽ റോഡ് പൊളിക്കണമെന്നതാണ് സ്ഥിതി. ആയതിനാൽ ബന്ധപ്പെട്ട ഉന്നത ഉദ്യോഗസ്ഥരെയും കരാറുകാരേയും സഹകരിപ്പിച്ച് ഇതിന് പരിഹാരം കാണാനാകും
എൽദോസ് കുന്നപ്പിള്ളി
എം.എൽ.എ