
പറവൂർ: പറവൂർ താലൂക്ക് ഗവ. ആശുപത്രി കോമ്പൗണ്ടിലെ മരം വെട്ടിമാറ്റുന്നതിനിടയിൽ സുരക്ഷയ്ക്കായി കെട്ടിയിരുന്ന കയർ ശരീരത്തിൽ മുറുകി തൊഴിലാളിക്ക് ദാരുണാന്ത്യം. തത്തപ്പിള്ളി വല്യത്ത് റോഡിൽ വാടകയ്ക്ക് താമസിക്കുന്ന വയനാട് വൈത്തിരി വട്ടപ്പാറ ഐഷ പ്ലാന്റേഷനിൽ മോഹൻകുമാറാണ് (മോനു 28) മരിച്ചത്. ഇന്നലെ വൈകിട്ട് മൂന്നരയോടെ മരച്ചില്ലകൾ വെട്ടിമാറ്റുന്നതിനിടെ 45 അടി ഉയരത്തിലായിരുന്നു അപകടം.
വെട്ടുന്ന ചില്ലകൾ സുരക്ഷിതമായി താഴെയിറക്കാൻ മോഹൻകുമാർ കയർ കെട്ടിയിരുന്നു. മരച്ചില്ല ഒടിഞ്ഞതോടെ മരത്തിനോട് ചേർത്ത് കെട്ടിയിരുന്ന കയർ ശരീരത്തിൽ മുറുകുകയായിരുന്നു. കഴുത്തിലും നെഞ്ചിലും കയർ മുറുകിയതോടെ താഴേക്ക് ഇറങ്ങാൻ കഴിയാതെ മോഹൻകുമാർ മരക്കൊമ്പിൽ തൂങ്ങിക്കിടന്നു. നിരവധിപേർ നോക്കി നിൽക്കെയാണ് അപകടം. ഫയർഫോഴ്സ് ഒന്നരമണിക്കൂറോളം പണിപ്പെട്ട് വലയും വടവും ഉപയോഗിച്ചാണ് താഴെ ഇറക്കിയത്. നെഞ്ചിന്റെ ഭാഗം വലിഞ്ഞുമുറുകിയതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. വാരിയെല്ലുകൾ തകർന്ന നിലയിലായിരുന്നു. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിൽ. ഭാര്യ: അശ്വതി. മക്കൾ: ഋതിക, ഋതു, ഋഷിത.
ഒരാഴ്ചയ്ക്ക് മുമ്പാണ് മരം മുറിക്കൽ തുടങ്ങിയത്. ഇന്നലെ വൈകിട്ടോടെ തീരേണ്ടതായിരുന്നു. മോഹൻകുമാറിന്റെ ഭാര്യയുടെ വീട് വൈപ്പിനിൽ നെടുങ്ങാടാണ്. അവിടെ രണ്ടുവർഷം താമസിച്ചശേഷം കഴിഞ്ഞ മൂന്നുവർഷമായി തത്തപ്പിള്ളിയിലാണ് താമസം.