വൈപ്പിൻ: സാംസ്‌കാരിക വകുപ്പിന്റെ കീഴിലുള്ള ചെറായി സഹോദരൻ അയ്യപ്പൻ സ്മാരകത്തിന് 20,00,000 രൂപ സർക്കാർ അനുവദിച്ചതായി കെ. എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ. അറിയിച്ചു. പദ്ധതിയേതര വിഹിതത്തിൽ നിന്നുള്ള ധനസഹായമാണ് സാംസ്‌കാരിക വകുപ്പ് അനുവദിച്ചത്.
എം.എൽ.എ. എന്ന നിലയ്ക്ക് സഹോദരൻ അയ്യപ്പൻ സ്മാരകത്തിനായി നിയമസഭയിലും പുറത്തും പലവട്ടം ശ്രമങ്ങൾ നടത്തുകയും അതിപ്പോഴും തുടരുകയുമാണെന്നും എം.എൽ.എ. പറഞ്ഞു. ടൂറിസം മന്ത്രി പി. എ. മുഹമ്മദ് റിയാസും സാംസ്‌കാരിക മന്ത്രി സജി ചെറിയാനും സ്മാരകം സന്ദർശിക്കുകയുണ്ടായി. ഇരുവരും അനുകൂല സമീപനമാണ് കൈക്കൊണ്ടത്.
തുടർന്ന് വിപ്ലവകരമായ മിശ്രഭോജനത്തിന്റെ ചിരസ്മരണ നിലനിർത്തുന്നതിന് സ്മാരകം നിർമ്മിക്കുന്നതിന് ബജറ്റ് വിഹിതമായി മൊത്തം 70 ലക്ഷം രൂപയാണ് അനുവദിച്ചത്. . ഇതിനു പിന്നാലെയാണിപ്പോൾ സർക്കാർ സഹോദരൻ സ്മാരകത്തിനു 20 ലക്ഷം രൂപ അനുവദിച്ചിരിക്കുന്നത്.