
പെരുമ്പാവൂർ: മഹാത്മാഗാന്ധിയുടെ ചെറുമകൻ എന്നതോടൊപ്പം കസ്തൂർബാ ഗാന്ധിയുടെ ചെറുമകൻ എന്നതിലും അഭിമാനമുണ്ടെന്ന് തുഷാർ ഗാന്ധി. സ്ത്രീ സ്വാതന്ത്ര്യവും സാമ്പത്തിക സമത്വവും സാധാരണ ജനങ്ങൾക്ക് അനുഭവവേദ്യമാകണമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ പൊതുസ്വത്ത് ചുരുക്കം ചില ആളുകളിലേക്ക് ചുരുങ്ങുന്നത് പാവപ്പെട്ടവനും പണമില്ലാത്തവനും തമ്മിലുള്ള അന്തരം വർദ്ധിപ്പിക്കുക മാത്രമല്ല രാജ്യത്തിന്റെ ഭരണഘടന വിഭാവനം ചെയ്യുന്ന സമത്വം എന്ന സങ്കൽപ്പത്തിന് എതിരാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പെരുമ്പാവൂർ മാർത്തോമ വനിതാ കോളേജ് സംഘടിപ്പിച്ച 25-ാമത് എ.എ. പൈലി അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു തുഷാർ ഗാന്ധി. മാത്യൂസ് മാർ അപ്രം മെത്രാപ്പൊലീത്ത ചടങ്ങ് ഉദ്ഘാടനം ചെയ്തു. മാർത്തോമാ സുവിശേഷ പ്രസംഗസംഘം ജനറൽ സെക്രട്ടറി എബി കെ. ജോഷ്വാ അദ്ധ്യക്ഷനായി. എൽദോസ് കുന്നപ്പിള്ളി എംഎൽഎ, ജസ്റ്റിസ് കെ. നാരായണക്കുറുപ്പ്, കോളേജ് പ്രിൻസിപ്പൽ ഷെറിൻ ടി. അബ്രഹാം, സി.എ. വർഗീസ്, ഡോ. ഫിലിപ്പ് ചെറിയാൻ, കോളേജ് ട്രഷറർ പി.കെ. കുരുവിള, ഡോ. ബിബിൻ കുര്യാക്കോസ്, ഡോ. വി. വിനോദ്, അജിത്ത് എന്നിവർ സംസാരിച്ചു.