
കൊച്ചി: റേഷൻ വ്യാപാരികൾക്ക് ആശ്വാസമായി കൊവിഡ് കിറ്റ് കമ്മിഷന്റെ അഞ്ചുമാസത്തെ തുക നൽകാൻ സർക്കാർ ഉത്തരവ്. 30ന് മുമ്പ് 50 ശതമാനം തുക കൈമാറണമെന്ന് താലൂക്ക് സപ്ലൈ ഓഫീസർമാർക്ക് ധനവകുപ്പ് നിർദ്ദേശം നൽകി.
വർഷങ്ങളുടെ നിയമപോരാട്ടത്തിനൊടുവിലാണ് തീരുമാനം. ഇന്നലെ നൽകണമെന്നായിരുന്നു ഹൈക്കോടതി നിർദ്ദേശം. കിറ്റിന്റെ ആദ്യഗഡുവായി 17,22,43,000 രൂപയാണ് സർക്കാർ അനുവദിച്ചു. 34,44,85,495 രൂപയാണ് നൽകാനുള്ളത്.
കിറ്റ് വിതരണം സേവനമായി കാണണമെന്നായിരുന്നു സർക്കാരിന്റെ ആദ്യസമീപനം. ഇതിനെതിരെ വ്യാപാരികൾ ഹൈക്കോടതിയെയും സുപ്രീംകോടതിയെയും സമീപിച്ചു.
13 മാസമാണ് കിറ്റ് വിതരണം ചെയ്തത്. സമരം ചെയ്തപ്പോൾ മൂന്നുമാസത്തെ തുക കിട്ടി. കേസിൽ കക്ഷി ചേർന്ന ആറ് വ്യാപാരികൾക്ക് സർക്കാർ കമ്മിഷൻ നൽകി.
കൊവിഡ് കിറ്റ് വിതരണം ചെയ്ത മുഴുവൻ റേഷൻ വ്യാപാരികൾക്കും കമ്മിഷൻ നൽകാൻ ജനുവരി 18നാണ് ഹൈക്കോടതി ഉത്തരവിട്ടത്. ഇതിനെതിരെ സർക്കാർ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ഹൈക്കോടതി ഉത്തരവ് നടപ്പാക്കാനായിരുന്നു നിർദ്ദേശം. വീണ്ടും തുക ലഭിക്കാതായതോടെയാണ് വ്യാപാരികൾ ഹൈക്കോടതിയെ വീണ്ടും സമീപിച്ചു. ജൂലായി 31ന് ആണ് 11ന് തുക നൽകണമെന്ന് കോടതി ഉത്തരവിട്ടത്.
ജില്ലയിൽ നൽകാൻ
ആനുവദിച്ച തുക-15018718
ആകെ നൽകാനുള്ളത്-3,00,37,435
വിതരണം ചെയ്ത കിറ്റ്-60,07,487
ആകെ റേഷൻ കടകൾ-918
 ആഗസ്റ്റിലെ തുക എവിടെ
ഓഗസ്റ്റ് മാസത്തിൽ റേഷൻ വിതരണം ചെയ്തതിന്റെ തുക സർക്കാർ സെപ്തംബർ പകുതിയായിട്ടും നൽകിയിട്ടില്ല. 28 കോടി രൂപയാണ് കമ്മിഷൻ തുക. ഒരു വ്യാപാരിക്ക് ഏകദേശം 12,000 മുതൽ 50,000 രൂപ വരെ കമ്മിഷൻ ലഭിക്കാനുണ്ട്. തീരമേഖലകളിൽ ബി.പി.എൽ കാർഡുകളേറെയായതിനാൽ ഇവിടെയുള്ള വ്യാപാരികൾക്കാണ് കൂടുതൽ ബാദ്ധ്യത.
100 ക്വിന്റൽ അരി വിറ്റാൽ 27,000 രൂപയാണ് കമ്മിഷൻ. ഓത്തിന് മുമ്പ് ഇത് നൽകുമെന്നാണ് അറിയിച്ചിട്ടുള്ളത്. ഓണത്തിന് ഉത്സവ ബത്തയായി നൽകാറുള്ള 1000 രൂപയും നൽകിയിട്ടില്ല.
കമ്മിഷൻ നൽകുന്നത് വ്യാപാരികൾക്ക് ആശ്വാസമാണ്. എത്രയും വേഗം ലഭിക്കുമെന്നാണ് പ്രതീക്ഷ
എൻ. ഷിജീർ
സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി
കേരള സ്റ്റേറ്റ് റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ