s-shyamsundar
സിറ്റി പൊലീസ് കമ്മീഷണർ എസ്. ശ്യാംസുന്ദ‌ർ

കൊച്ചി: സിറ്റി പൊലീസ് കമ്മിഷണറായി ഈവർഷമാദ്യം എത്തുമ്പോൾ ഐ.ജി ശ്യാംസുന്ദറിന്റെ മനസിൽ രണ്ട് കാര്യങ്ങളാണുണ്ടായിരുന്നത്. നഗരത്തിലെ ലഹരിവില്പനയുടെയും ഉപയോഗത്തിന്റെയും ഉന്മൂലനവും ഗുണ്ടാ, ക്വട്ടേഷൻ സംഘങ്ങളെ തുരത്തലും. ഒമ്പത് മാസങ്ങൾക്കിപ്പുറം ദക്ഷിണമേഖല റേഞ്ച് ഐ.ജിയായി സ്ഥലംമാറുമ്പോൾ ആഗ്രഹങ്ങൾ ഭൂരിഭാഗവും നിറവേറ്റിയ ചാരിതാർത്ഥ്യമാണ് ശ്യാം സുന്ദറിന്. സംസ്ഥാനമാകെ വ്യാപിപ്പിക്കാനുതകുന്ന പദ്ധതികൾ നടപ്പാക്കി കൊച്ചിയിൽ മാറ്റങ്ങൾ കൊണ്ടുവന്ന കമ്മിഷണർ ശ്യാം സുന്ദർ സംസാരിക്കുന്നു:

• ലക്ഷ്യങ്ങൾ നിറവേറ്റിയോ?

ലഹരി വ്യാപനവും ഗുണ്ടാ ഇടപാടുകളും ഇല്ലായ്മ ചെയ്യണമെന്ന തീരുമാനം മനസിലുണ്ടായിരുന്നു. വില്പനക്കാരെ ഒരുവശത്ത് പൂട്ടുമ്പോഴും മറുവശത്ത് ആവശ്യക്കാരുടെ എണ്ണമേറിവരുന്ന സ്ഥിതിയായിരുന്നു. ഇത് മുന്നിൽക്കണ്ടാണ് ലഹരി ഉപയോഗിക്കുന്നവരെ പിന്തിരിപ്പിക്കാനുള്ള പദ്ധതികൾ ആവിഷ്കരിച്ചത്. സ്വകാര്യ സ്ഥാപനങ്ങളിൽ ജോലിചെയ്യുന്നവർ ലഹരി ഉപയോഗിക്കില്ലെന്ന് സത്യവാങ്മൂലം നൽകുന്ന പദ്ധതി അങ്ങനെ വന്നതാണ്. ഫിക്കി, ജി ടെക്ക് തുടങ്ങിയ സംഘടനകളുമായി കൂടിയാലോചിച്ച് അന്തിമരൂപരേഖ തയ്യാറാക്കി. ഗുണ്ടകളുടെ പട്ടിക തയ്യാറാക്കി ജിയോടാഗ് ചെയ്തു. തുടർച്ചയായി പരിശോധന വരുന്നു. ഇപ്പോൾ ഗുണ്ടാകേസുകൾ കുറഞ്ഞു.

• വേദനിപ്പിച്ച സംഭവം

പനമ്പിള്ളിനഗറിൽ നവജാതശിശുവിനെ അവിവാഹിതയും ചെറുപ്പക്കാരിയുമായ അമ്മ കൊന്നുവലിച്ചെറിഞ്ഞത് വല്ലാതെ വേദനിപ്പിച്ചു.

• രാത്രിയിൽ ഉറങ്ങാത്ത കൊച്ചിയിൽ സുരക്ഷ വെല്ലുവിളിയായിരുന്നോ?

ഇൻഫോപാർക്കിൽ ജോലിചെയ്യുന്ന യുവതി എറണാകുളത്തെ വീട്ടിലെത്താൻ ചുരുങ്ങിയത് രണ്ട് മണിക്കൂറെടുക്കും. രാത്രിയിലെ മടങ്ങിവരവിനിടെ അഞ്ചിലധികം പൊലീസ് പട്രോളിംഗ് വാഹനങ്ങൾ കണ്ടിരിക്കും. അത്രത്തോളം സുരക്ഷയാണ് ഒരുക്കുന്നത്. രാത്രി പൊലീസിന്റെ കൈയിലായാൽ ഏത് നഗരവും കുറ്റകൃത്യമില്ലാതെ ഭദ്രമാക്കാം. കൊച്ചിയിൽ ആ മാർഗമാണ് സ്വീകരിച്ചത്. രാത്രിയിലാണ് എവിടെയാണ് പട്രോളിംഗെന്ന് ഉദ്യോഗസ്ഥ‌ർപോലും അറിയുക.

• കൊച്ചിയിൽ കൂടുതൽ പൊലീസ് ആവശ്യമുണ്ടോ?

വളരുന്ന നഗരമാണ് കൊച്ചി. കൂടുതൽ പൊലീസുകാരുടെ ആവശ്യമുണ്ട്. പൊലീസുകാർ കുറവാണെന്നല്ല. ഡി.സി.പി സുദർശൻ ഉൾപ്പെട്ട ടീം ക്രിയാത്മകമായാണ് പ്രവർത്തിക്കുന്നത്. നഗരത്തിലെ ഗുണ്ടകളുടെ പട്ടിക ചുരുങ്ങിയ സമയത്തിനുള്ളിലാണ് തയ്യാറാക്കിയത്. അത്രയ്ക്കും കഴിവുള്ളവരാണ് സഹപ്രവ‌ർത്തകർ

• കേരളത്തിലെ സ്കൂളുകളുടെ മികവിനെ പുകഴ്‌ത്തിയതിൽ വിമർശനം ഉയർന്നിരുന്നല്ലോ

ഉത്തരേന്ത്യയിലെ സ്കൂളുകളുടെ അവസ്ഥ നേരിട്ടുകണ്ട് പറഞ്ഞതാണ്. 20വ‌ർഷത്തെ സർ‌വീസിനിടയിൽ വിവിധ സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് ചുമതലയിൽ പോയിട്ടുണ്ട്. അവിടത്തെ സ്ഥിതി അതാണ്. നമ്മുടെ നാട്ടിൽ അങ്കണവാടി മുതൽ കോളേജുവരെ അത്യാധുനിക നിലവാരമാണ്. തിരുവനന്തപുരം വട്ടിയൂ‌ർക്കാവിൽ സർക്കാർ എൽ.പി സ്കൂളുണ്ട്. അതൊന്ന് കാണേണ്ടതാണ്. സാമൂഹിക മാദ്ധ്യമങ്ങളിൽ തള്ളുന്നവർ യാഥാർത്ഥ്യം മനസിലാക്കണം.

• യുവാക്കൾ വിദേശത്തേക്ക് പോവുകയാണല്ലോ

യുവാക്കൾ വിദേശത്തേയ്ക്ക് പോകുന്നത് അവരുടെ ഇഷ്ടമാണ്. അതിനെ തടയാനാകില്ല. പണ്ട് ഉന്നതകുടുംബത്തിലുള്ളവർക്ക് മാത്രമേ സാഹചര്യമുണ്ടായിരുന്നുള്ളൂ. ഇപ്പോൾ സാധാരണക്കാരുടെ മക്കളും പോകുന്നു. സാധാരണക്കാരുടെ മക്കൾക്കും അവരുടെ കുടുംബത്തിനും ഉയർച്ചയാണ് ഉണ്ടാകുന്നത്. കുട്ടികൾ കൂട്ടത്തോടെ പോകുന്നതിൽ വിലപിക്കുന്നവർ കാലംമാറിയതും തിരിച്ചറിയണം.

• കൊച്ചിയിലെ ഗതാഗതപ്രശ്നം തലവേദനയല്ലേ?

വികസ്വര രാജ്യങ്ങളിലേതു പോലെയാണ് കൊച്ചിയിലെ ട്രാഫിക്കും. റോഡിന് വീതികുറവാണ്. സ്ഥലം വിട്ടുനൽകാതെ ബ്ലോക്കാണെന്ന് പരിതപിച്ചിട്ട് കാര്യമില്ല. കൂടുതൽ ഫ്ലൈഓവറുകൾ വന്നാലേ കൊച്ചിയിലെ ട്രാഫിക് പ്രശ്നം മാറുകയുള്ളൂ.