ഫോർട്ടുകൊച്ചി: കടപ്പുറത്തെ ശുചീകരണ തൊഴിലാളികളെ നിയോഗിക്കുന്ന കാര്യത്തിൽ പിൻവാതിൽ നിയമനമെന്ന് ആക്ഷേപം. കൊച്ചി ഹെറിറ്റേജ് സോൺ കൺസർവേഷൻ സൊസൈറ്റിയുടെ 10പേരും ഡി.ടി.പി.സിയുടെ 10പേരുമാണ് നിലവിൽ ശുചീകരണം നടത്തുന്നത്. 60വയസ് കഴിഞ്ഞുവെന്ന് പറഞ്ഞ് ചില സ്ത്രീകളെ ഒഴിവാക്കിയെന്നും പകരം സൂപ്പർവൈസ് ചെയ്യുന്ന തൊഴിലാളികളുടെ സ്വന്തക്കാരെ തിരുകിക്കയറ്റിയെന്നുമാണ് പരാതി. തൊഴിലാളികളെ നിയമിക്കുമ്പോൾ പാലിക്കേണ്ട മാനദണ്ഡങ്ങൾ ഒന്നും പാലിക്കാതെയാണ് ഇത്തരം നിയമനങ്ങൾ നടത്തുന്നതെന്നും എംപ്ലോയ്മെന്റ് എക്സ്ചേഞ്ചോ പി.എസ്.സിയോ അറിയാതെയാണ് ഇത്തരം നിയമനങ്ങൾ നടത്തുന്നതെന്നും നഗരസഭ പ്രതിപക്ഷനേതാവ് ആന്റണി കുരീത്തറ പറഞ്ഞു.

ജില്ലാ കളക്ടർ ചെയർമാനായിരിക്കുന്ന ഹെറിറ്റേജ് കമ്മിറ്റിയിലാണ് ഇത്തരം വ്യാപകമായ പിൻവാതിൽ നിയമനം നടത്തുന്നതെന്നും ശുചീകരണ തൊഴിലാളികളെ പാർട്ടിവത്കരിക്കുന്നതിന്റെ ഭാഗമായാണ് ചിലരെ തൊഴിലിൽനിന്നും പറഞ്ഞുവിട്ട് പുതിയ നിയമനം നടത്തുന്നതെന്നും ആന്റണി കുരീത്തറ ആരോപിച്ചു.