
കേന്ദ്ര അന്വേഷണ ഏജൻസി ഉദ്യോഗസ്ഥരെന്ന വ്യാജേന വീഡിയോ കോളിലെത്തി സൈബർ തടങ്കലിലാക്കുന്ന സംഘത്തിന്റെ പ്രവർത്തനം പ്രതീക്ഷിച്ചതിലും വിപുലമാണെന്നാണ് വ്യക്തമാകുന്നത്. മുൻ മെത്രാപ്പോലീത്ത ഗീവർഗീസ് കൂറിലോസിന് ലക്ഷങ്ങൾ നഷ്ടമായതിന് പിന്നാലെ സംഗീതസംവിധായകൻ ജെറി അമൽദേവും 'വെർച്വൽ അറസ്റ്റിൽ' കുടുങ്ങിയതോടെ ഇത്തരം ഒട്ടേറെ സംഭവങ്ങളാണ് പുറത്തുവരുന്നത്. ഇതിന് പിന്നിലെ ഗജഫ്രോഡുകളെ കണ്ടെത്താൻ പൊലീസിനൊപ്പം കേന്ദ്ര ഏജൻസികളും കൈകോർക്കേണ്ടതുണ്ട്.
വ്യാജ പ്രൊഫൈൽ സൃഷ്ടിച്ചും ഉത്പന്നങ്ങൾ വാഗ്ദാനം ചെയ്തും വട്ടച്ചെലവിന് കാശൊപ്പിച്ചിരുന്ന കാലഘട്ടത്തിൽ നിന്ന് സൈബർ തട്ടിപ്പുകാർ ഏറെ വളർന്നിരിക്കുന്നു. തലവച്ചു കൊടുക്കുന്നവരെ മാനസിക സമ്മർദ്ദത്തിലാക്കി 'ഇമ്മിണി ബല്യ തുക' തട്ടിയെടുക്കുന്ന നിലയിലേക്കെത്തി കാര്യങ്ങൾ. കഴിഞ്ഞ വർഷംവരെ ലോൺ ആപ്പും ട്രേഡിംഗ് തട്ടിപ്പുകളുമാണ് മുൻനിരയിൽ ഉണ്ടായിരുന്നതെങ്കിൽ ഇപ്പോൾ വെർച്വൽ അറസ്റ്റ് എന്ന പുതിയ തട്ടിപ്പിന്റെ അവതാരങ്ങളാണ് വിളയാടുന്നത്. ആളുകളെ കുടുക്കാനായി ഇവർ വീഡിയോ കോൾ വഴി കള്ളപ്പണം, മയക്കുമരുന്ന്, വ്യാജപാസ്പോർട്ട് തുടങ്ങി പല തുരുപ്പു ചീട്ടുകളുമിറക്കും. തട്ടിപ്പുകാർ സി.ബി.ഐ, കസ്റ്റംസ്, എൻ.ഐ.എ, നർകോട്ടിക് സെൽ ഉദ്യോഗസ്ഥരായും സ്പെഷ്യൽ ജഡ്ജിയുമായെല്ലാം ചമയും. കേസിൽ നിന്ന് ഒഴിവാക്കാൻ ഇരുചെവിയറിയാതെ വൻതുക പിഴയൊടുക്കാൻ ആവശ്യപ്പെടും. പണം തട്ടിപ്പുകാരുടെ അക്കൗണ്ടിലെത്തിയാലും അവർ പിൻവലിയണമെന്നില്ല. ഘട്ടങ്ങളായി വീണ്ടും തുക ചോദിച്ചേക്കും. സംഭവം പുറത്തറിഞ്ഞാൽ അകത്തുപോകുമെന്ന് ഭയന്ന് പലരും ഒന്നും മിണ്ടുകയുമില്ല. ഇതു തന്നെയാണ് തട്ടിപ്പുകാർക്ക് വളമാകുന്നതും.
തട്ടിപ്പിലെ അഭിനയത്തികവ്
ബാങ്കിന്റേയും പൊലീസിന്റേയും സമയോചിതമായ ഇടപെടലിൽ ജെറി അമൽദേവ് തട്ടിപ്പിൽ നിന്ന് രക്ഷപ്പെട്ട സംഭവം 'കേരള കൗമുദി'യാണ് പുറത്തുകൊണ്ടുവന്നത്. '' ഓൺലൈൻ തട്ടിപ്പുകളേക്കുറിച്ച് കേട്ടിരുന്നെങ്കിലും ഇത്ര വ്യവസ്ഥാപിതമായും ചിട്ടയായും ആളുകളെ വഞ്ചിക്കാൻ പറ്റുമെന്ന് കരുതിയില്ല.'' വെർച്വൽ അറസ്റ്റ് ഭീഷണിയിൽ നിന്ന് രക്ഷപ്പെട്ട ശേഷം ജെറി അമൽദേവിന്റെ പ്രതികരണമാണിത്. സി.ബി.ഐ ഉദ്യോഗസ്ഥരായി തട്ടിപ്പുകാർ അഭിനയിച്ചു തകർക്കുകയായിരുന്നുവെന്ന് അദ്ദേഹത്തിന്റെ വിവരണത്തിൽ നിന്നു വ്യക്തം. ഒരാഴ്ചയോളമാണ് നോർത്ത് ഇന്ത്യൻ സംഘമെന്ന് കരുതുന്നവർ ജെറിയെ സൈബർ തടവിലാക്കിയത്. ഒരു ദിവസം ഉച്ചകഴിഞ്ഞാണ് ആദ്യ കോൾ വന്നത്. സി.ബി.ഐ ഇൻസ്പെക്ടർ വിനോയ് ചൗധരിയെന്ന് പരിചയപ്പെടുത്തിയ ആൾ മുംബൈ ധാരാവി പൊലീസ് സ്റ്റേഷനിലാണ് ഇപ്പോൾ ഉള്ളതെന്നും പറഞ്ഞു. ജെറ്റ് എയർവെയ്സ് ഉടമ നരേഷ് ഗോയലിന്റെ കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണെന്നും അറിയിച്ചു. ഗോയലിന്റെ ദുരൂഹ സാമ്പത്തിക ഇടപാടുകളിൽ താങ്കളുടെ അക്കൗണ്ട് നമ്പറും പരാമർശിക്കുന്നതിനാൽ വിശദീകരണം നൽകണമെന്നായിരുന്നു ആവശ്യം. താങ്കളുടെ കൈവശമെത്തിയ രണ്ടരക്കോടി രൂപ എവിടെയാണ് ഒളിപ്പിച്ചതെന്നും ചോദിച്ചു.
ചിരിച്ചുതള്ളാൻ ശ്രമിച്ചപ്പോൾ, ഫോൺ വിളിച്ചയാൾ ഗൗരവത്തിലായി. ഇത് ദേശസുരക്ഷയെ ബാധിക്കുന്ന വിഷയമാണെന്നും സഹകരിച്ചില്ലെങ്കിൽ മൂന്നുവർഷം വരെ ജയിലിലാകുമെന്നും, ഇരുചെവിയറിയാതെ നിർദ്ദേശങ്ങൾ പാലിക്കണമെന്നും പറഞ്ഞു. പുറത്തുപറഞ്ഞാൽ അത് ഇന്ത്യൻ തെളിവു നിയമത്തിന്റെ ലംഘനമാകുമെന്നും മുന്നറിയിപ്പ് നൽകി. ഇതോടെ ശരിക്കും പേടിച്ചതായി ജെറി അമൽദേവ് പറഞ്ഞു. വീഡിയോ കോളിന്റെ പശ്ചാത്തലത്തിൽ 'സത്യമേവ ജയതേ' എന്ന എംബ്ലമുണ്ടായിരുന്നു. വിശ്വാസ്യത വരുത്താൻ തെളിവു നിയമത്തിന്റെ പകർപ്പും ഏതോ സുപ്രീം കോടതി വിധിയുടെ പകർപ്പും അയച്ചുകൊടുത്തു. രണ്ടുദിവസത്തിന് ശേഷം ലൈനിൽ വന്നത് മേലധികാരിയെന്ന് പരിചയപ്പെടുത്തിയ നവ്ജ്യോത് സിമിയെന്ന വ്യാജപേരുകാരിയാണ്. സർ എന്റെ അച്ഛനേപ്പോലെയെന്നു പറഞ്ഞാണ് അവർ തുടങ്ങിയത്. താങ്കൾ ഇതിൽ പെട്ടുപോയതാണെന്ന് തോന്നുന്നു. നൂലാമാലകളിൽ നിന്ന് ഒഴിവാക്കാൻ ശ്രമിക്കാം എന്നും 'മാഡം' കൂട്ടിച്ചേർത്തു. ഇതിനായി 1,70,000 രൂപ ഉടൻ അയയ്ക്കണം. പണം സർക്കാർ അക്കൗണ്ടിലേക്ക് പോകും. ട്രാൻസാക്ഷൻ ഐ.ഡി കൈമാറുന്നതോടെ കേസ് ക്ലോസ് ചെയ്യാനാകുമെന്നും ധരിപ്പിച്ചു. പണം അയയ്ക്കാനായി ജെറി അമൽദേവ് ഫെഡറൽ ബാങ്ക് പച്ചാളം ശാഖയിലേക്ക് പോയി. ഈ സമയമെല്ലാം തട്ടിപ്പുകാർ ഹെഡ്ഫോണിലൂടെ നിർദ്ദേശങ്ങൾ നൽകിക്കൊണ്ടിരുന്നു. ഇത് കണ്ടപ്പോൾ തന്നെ ബാങ്ക് സീനിയർ മാനേജർ സജിനമോൾക്ക് സംശയം തോന്നി. പരിശോധിച്ചപ്പോൾ നൽകിയിരിക്കുന്ന അക്കൗണ്ട് നമ്പർ പ്രശ്നമാണെന്നും ഇടപാട് ദുരൂഹമാണെന്നും ബോദ്ധ്യപ്പെട്ടു. തട്ടിപ്പുകാരുമായി ഫോൺ സംഭാഷണത്തിലായിരുന്ന ജെറി പണം അയയ്ക്കണമെന്ന് ആംഗ്യം കാട്ടി. എന്നാൽ പറ്റില്ലെന്ന് കട്ടായം പറഞ്ഞ സജിന, ഇത് തട്ടിപ്പുകാരാണെന്ന് കടലാസിൽ കുറിച്ചു. ഇതോടെയാണ് ജെറി ഫോൺ വിഛേദിച്ചത്. തുടർന്ന് ബാങ്കിൽ നിന്നുതന്നെ പൊലീസിൽ ബന്ധപ്പെടുകയായിരുന്നു. വെർച്വൽ അറസ്റ്റിന്റെ പേരിൽ ഇതേ ബാങ്ക് ശാഖയിൽ നിന്നു തന്നെ ഒട്ടേറെപ്പേർക്ക് പണം നഷ്ടമായിട്ടുണ്ടെന്ന് സജിന വെളിപ്പെടുത്തി. 50 ലക്ഷം രൂപ വരെ പോയവരുണ്ട്. ഇങ്ങനെ കേരളത്തിലെ മാത്രം കണക്കെടുത്താൽ തന്നെ തട്ടിപ്പിന്റെ വ്യാപ്തി എത്ര ഭീകരമാണെന്നു വ്യക്തമാകും.
ഗോയലിന്റെ പേരിൽ തന്നെ
മുൻ മെത്രാപ്പോലീത്ത ഡോ. ഗീവർഗീസ് കൂറിലോസിനെ പറ്റിച്ചതും നരേഷ് ഗോയലിന്റെ പേരു പറഞ്ഞാണ്. അക്കൗണ്ടിൽ നിന്ന് 15 ലക്ഷം രൂപയാണ് ഓൺലൈൻ തട്ടിപ്പുകാർ അടിച്ചുമാറ്റിയത്. ഔദ്യോഗിക സ്ഥാനമൊഴിഞ്ഞ ശേഷം പത്തനംതിട്ട ആനിക്കാട് സെയ്ന്റ് ഗ്രിഗോറിയോസ് ദയറയിൽ താമസിക്കുന്ന ഇദ്ദേഹത്തെ സി.ബി.ഐയിൽ നിന്നെന്ന വ്യാജേനയാണ് ചിലർ ഫോണിൽ ബന്ധപ്പെട്ടത്. നരേഷ് ഗോയൽ എന്ന ആൾ ഉൾപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മാർ കൂറിലോസിന്റെ പേരും ഉണ്ടെന്ന് അറിയിച്ചു. ഇത് രേഖപ്പെടുത്തിയ ചില വ്യാജ രേഖകൾ കാട്ടുകയും ആഗസ്റ്റ് രണ്ടിന് ഓൺലൈനായി ജുഡീഷ്യൽ വിചാരണ നടത്തുകയും ചെയ്തു. കേസിൽ നിന്ന് ഒഴിവാക്കണമെങ്കിൽ പിഴ അടക്കാൻ ആവശ്യപ്പെട്ടു.
ഇതിനായി തട്ടിപ്പുസംഘം അവരുടെ സ്വകാര്യ ബാങ്ക് അക്കൗണ്ട് വിവരങ്ങളും നൽകി. തുടർന്ന് മുൻ മെത്രാപ്പോലീത്തയുടെ അക്കൗണ്ടിൽ നിന്ന് രണ്ട് ദിവസങ്ങളിലായി 15,01,186 രൂപ തട്ടിയെടുക്കുകയും ചെയ്തു.
വെർച്വർ അറസ്റ്റ് തട്ടിപ്പ് സംബന്ധിച്ച് ചെറുതും വലുതുമായ ഒട്ടേറെ പരാതികൾ കേരളത്തിലടക്കമുണ്ട്. പരാതിയാകാത്ത സംഭവങ്ങളാണ് ഇതിലേറെയും. വീഡിയോ കോളിൽ മുഖം കാണിച്ചാണ് തട്ടിപ്പുകാർ എത്തുന്നതെങ്കിലും മിക്ക കേസുകളിലും പ്രതികളെ കണ്ടെത്താനായിട്ടില്ല. ഇത്തരം ഗൂഢസംഘങ്ങളിൽ പലപ്പോഴും മലയാളികൾ കണ്ണികളാണെന്നതും വസ്തുതയാണ്. പല തട്ടിപ്പുസംഘങ്ങളുടേയും വേരുകളും സർവറുകളും വടക്കേ ഇന്ത്യയിലും നൈജീരിയ ഉൾപ്പെടെ വിദേശ രാജ്യങ്ങളിലുമാണ്. തട്ടിപ്പുകാരെ തിരിച്ചറിഞ്ഞാലും പണം തിരിച്ചുപിടിക്കൽ വൈതരണിയാണ്. കേസുകളുടെ ബാഹുല്യത്താൽ വിഷമിക്കുന്ന കേരള സൈബർ പൊലീസിന് ഇത്തരം കേസുകൾ സമയബന്ധിതമായി തെളിയിക്കുക ദുഷ്കരമാണ്. ഈ എ.ഐ. കാലത്ത് സൈബർ തട്ടിപ്പുകൾ പല രൂപങ്ങളും പ്രാപിച്ചേക്കാം. ഇടപാടുകളിൽ കൂടുതൽ ശ്രദ്ധയോടെ വേണമെന്നാണ് പൊലീസ് നൽകുന്ന നിർദ്ദേശം. എങ്കിലും ഇത്തരം തട്ടിപ്പുകാർ പലവിധത്തിൽ എത്തുന്നതും തലവേദനയാണ്. പച്ചക്കള്ളം പറഞ്ഞ് പറ്റിക്കുന്നവർക്കെതിരേ പൊലീസ് സംവിധാനത്തിനൊപ്പം കേന്ദ്ര ഏജൻസികളും സംയുക്ത സംവിധാനമായി നീങ്ങേണ്ടതുണ്ട്.