pic

കൊച്ചി: 'മഹാത്മാഗാന്ധി, ജോൺ എഫ്. കെന്നഡി, ഫുട്ബാൾ, പൂച്ച, റോസാപുഷ്പം"- ഇങ്ങനെ വിവിധ വിഷയങ്ങളിലായി എറണാകുളം കാക്കനാട് സ്വദേശി കെ.എച്ച്. നിഷാദ് (49) ശേഖരിച്ചത് ആയിരക്കണക്കിന് സ്റ്റാമ്പ്. ഫർണിച്ചർ കടയിലെ ജോലിയ്‌ക്കിടെയാണ് സ്റ്റാമ്പ് ശേഖരണം.

തീമാറ്റിക് സ്റ്റാമ്പ് ശേഖരണത്തിലൂടെ ഗിന്നസ് ബുക്കിലെത്താനുള്ള ഒരുക്കത്തിലാണ് നിഷാദ്. 5,000ലേറെ എണ്ണം കൈവശമുള്ള രാജസ്ഥാൻകാരനാണ് നിലവിലെ റെക്കാഡ്. 13-ാം വയസിലാണ് സ്റ്റാമ്പ് ശേഖരണം തുടങ്ങിയത്. ഇംഗ്ളീഷ് അക്ഷരമാലാ ക്രമത്തിൽ രാജ്യങ്ങളുടെ അടിസ്ഥാനത്തിലാണ് തീമുകൾ ക്രമീകരിക്കുക.

1947 മുതലുള്ള ഇന്ത്യൻ സ്റ്റാമ്പ്, ബ്രിട്ടീഷ് ഇന്ത്യൻ സ്റ്റാമ്പ് അങ്ങനെ നിരവധി വിഷയങ്ങൾ ശേഖരത്തിലുണ്ട്.

നാണയത്തുട്ടുകളുടെ ചിത്രങ്ങൾ (കോയിൻ ഓൺ സ്റ്റാമ്പ്), സ്റ്റാമ്പുകളുടെ ചിത്രങ്ങൾ (സ്റ്റാമ്പ് ഓൺ സ്റ്റാമ്പ്), തെറ്റുകളോടെ പുറത്തിറങ്ങിയവ... അങ്ങനെ സവിശേഷ ശേഖരങ്ങൾ വേറെയുമുണ്ട്.

കൊച്ചി ഫിലാറ്റലിക് ക്ളബ് ഭാരവാഹിയായ നിഷാദ് അന്യസംസ്ഥാനങ്ങളിൽ നിന്നും വിദേശത്തു നിന്നുമെല്ലാം സ്റ്റാമ്പ് ശേഖരിക്കുന്നുണ്ട്. നാല് ലക്ഷം രൂപയെങ്കിലും മുടക്കിയിട്ടുണ്ട്. അഞ്ച് പ്രദർശനം നടത്തി. ചില സ്റ്റാമ്പുകൾ കൂട്ടമായേ ലഭിക്കൂ. ആവശ്യത്തിനെടുത്ത ശേഷം ബാക്കി വിൽക്കും. അങ്ങനെ വരുമാനവുമായി. ഭാര്യ: സാജിത. മക്കൾ: വിദ്യാർത്ഥികളായ നിസ ഫാത്തിമ, നിയ ഫാത്തിമ, നിസാം.

 പിശകുള്ള സ്റ്റാമ്പുകൾ

സ്റ്റാമ്പുകളിലെ തെറ്റ് കണ്ടെത്തുന്നതും നിഷാദിന് ഹരമാണ്. ഇത്തരം 35ലേറെ രാജ്യങ്ങളിലെ 400ലേറെ സ്റ്റാമ്പുകൾ ശേഖരത്തിലുണ്ട്. വസ്തുതാപരമായ തെറ്റുകൾ, സാങ്കേതിക പിഴവ്, ചിത്രങ്ങളിലെ പിഴവ്, അശ്രദ്ധകൊണ്ടുള്ള പിഴവ തുടങ്ങിയവ ഇതിലുൾപ്പെടുന്നു.


ഒളിമ്പിക്‌സ് തെറ്റിച്ച ഗ്രീസ് സ്റ്റാമ്പ്

 ഒളിമ്പിക്‌സ് വളയം തെറ്റായി ചിത്രീകരിച്ച മാലദ്വീപിന്റെ സ്റ്റാമ്പ്

 ഇന്ത്യാഗേറ്റ് കൊൽക്കത്തയിലെന്ന് രേഖപ്പെടുത്തിയ സാംബിയൻ സ്റ്റാമ്പ്

 അർജന്റീന ഫുട്‌ബാൾ ടീമിന്റെ ജഴ്‌സി തെറ്റിച്ച റുവാൻഡ സ്റ്റാമ്പ്

 1996ലെ ഒളിമ്പിക്‌സ് ആതൻസിലെന്ന് തെറ്റിച്ച ഗ്രീസ് സ്റ്റാമ്പ്

 ഒരേ സമയം രണ്ടുപേർ ജാവലിൻ എറിയുന്ന പോളണ്ടിന്റെ സ്റ്റാമ്പ്