parking

അങ്കമാലി: ഓണക്കാലത്ത് അങ്കമാലി ടൗണിൽ ഉണ്ടാകുന്ന ഗതാഗത കുരുക്കിന് പരിഹാരമായി ടൗണിലെ മുഴുവൻ പേ ആൻഡ് പാർക്കുകളിലും മർച്ചന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ സൗജന്യ പാർക്കിംഗ് നല്കാനുള്ള പദ്ധതി രുപീകരിച്ചു. ആലുവ റോഡിൽ ചേറ്റുങ്ങൽ ടൂറിസ്റ്റ് ഹോമിന് സമീപത്തുള്ള ഗ്രൗണ്ട് തികച്ചും സൗജന്യമാണ്. മറ്റ് പേ ആൻഡ് പാർക്കുകളിൽ നല്കുന്ന പാർക്കിംഗ് ഫീസ് അസോസിയേഷൻ അംഗങ്ങളുടെ കടകളിൽ നിന്ന് സാധനങ്ങൾ വാങ്ങുമ്പോൾ തിരികെ ലഭിക്കുന്നതായിരിക്കും. പൊതുജനങ്ങളിൽ പാർക്കിംഗ് സംസ്കാരം വളർത്താനും അതിലൂടെ അങ്കമാലി ടൗണിലെ ഗതാഗതകുരുക്കിന് ഒരു പരിധി വരെ പരിഹാരം കണ്ടെത്താനുമാണ് പരീക്ഷണ അടിസ്ഥാനത്തിൽ ഈ പദ്ധതി നടപ്പിലാക്കുന്നതെന്ന് അസോസിയേഷൻ പ്രസിഡന്റ് ജോണി കുര്യാക്കോസ് പറഞ്ഞു. ഈ സൗകര്യം സെപ്തംബർ 21 വരെ നീണ്ടു നില്ക്കും. പദ്ധതിയുടെ ഫലം വിലയിരുത്തി തുടർന്ന് നടത്താനും ആലോചിക്കുന്നുണ്ട്. സൗജന്യ പാർക്കിംഗ് ഗ്രൗണ്ടുകളുടെ ഉദ്ഘാടനം മുനി. ചെയർമാൻ മാത്യു തോമസ് നിർവഹിച്ചു അസോസിയേഷൻ ഭാരവാഹികളായ ബിജു പുപ്പത്ത്, ഡെന്നി പോൾ, തോമസ് കുര്യാക്കോസ്, ബിനു തരിയൻ, ബിജു കോറാട്ടുകുടി, ജോബി ചിറക്കൽ, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറി എൻ.വി. പോളച്ചൻ, സംസ്ഥാന കൗൺസിൽ അംഗം നിക്സൻ മാവേലി, മുൻ പ്രസിഡന്റ് ഡാന്റി ജോസ്, അങ്കമാലി എസ്.എച്ച്.ഒ അരുൺ കുമാർ, കൗൺസിലർ ബാസ്റ്റിൻ ഡി. പാറക്കൽ, വിക്ടർ കുടിയിരിപ്പിൽ എന്നിവർ പങ്കെടുത്തു.