കൊച്ചി: ഓണം ആഘോഷിക്കാൻ സ്പെഷ്യൽ സർവീസുകളൊരുക്കി കെ.എസ്.ആർ.ടി.സിയും ജലഗതാഗതവകുപ്പും. എറണാകുളം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽനിന്ന് ദീർഘദൂര സർവീസുകളടക്കം ഓടിക്കുമെന്ന് അധികൃതർ അറിയിച്ചു. എറണാകുളം സ്റ്റാൻഡിൽനിന്നും മറ്റ് ഡിപ്പോകളിൽ നിന്നും കൂടുതൽ ബസുണ്ടാവും.
ജലഗതാഗതവകുപ്പും ആവശ്യാനുസരണം സർവീസ് നടത്തും. ജനങ്ങൾക്ക് ബുദ്ധിമുട്ടില്ലാത്ത തരത്തിൽ സർവീസ് നടത്തുന്നതിനുള്ള സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഓരോ സമയത്തെ യാത്രക്കാരുടെ ആവശ്യാനുസരണമായിരിക്കും സർവീസുകൾ. കെ.എസ്.ആർ.ടി.സി കൂടുതലും ദീർഘദൂര ബസുകളാണ് സർവീസ് നടത്തുക. ഇതിനോടൊപ്പം തന്നെ ജില്ലയ്ക്കകത്തുള്ള ബസുകളും പൂർണതോതിൽ സർവീസ് നടത്തും.
കെ.എസ്.ആർ.ടി.സി
15 അധിക സർവീസുകളാണ് കെ.എസ്.ആർ.ടി.സി ഒരുക്കിയിരിക്കുന്നത്. യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത തരത്തിൽ ബസുകൾ കൃത്യമായ ഇടവേളകളിലുണ്ടാകും,
ഇൻഫോപാർക്കിൽനിന്ന് കണ്ണൂർ, മാനന്തവാടി സർവീസുകൾ നടത്തും. കോഴിക്കോട്, തിരുവനന്തപുരം ഭാഗങ്ങളിലേക്ക് മറ്റ് ജില്ലകളെ ബന്ധിപ്പിച്ച് എല്ലാ സമയത്തും ബസുണ്ടാകും. ബസുകളുടെ സീറ്റുകളെല്ലാം മുൻകൂട്ടി ബുക്കുചെയ്ത് പോകുന്നുണ്ട്. ആവശ്യക്കാർ വർദ്ധിച്ചാൽ കൂടുതൽ ബസുകൾ ക്രമീകരിക്കും.
ജില്ലയിൽ നിന്ന് ബംഗളൂരുവിലേക്കും ഏഴുബസുകൾ അധികസർവീസ് നടത്തുന്നുണ്ട്. ഇന്ന് കേരളത്തിലേക്ക് ഏഴോളം ബസുകൾ ബംഗളൂരുവിൽ നിന്നെത്തും. ഉത്രാടംവരെ ഇത്തരത്തിൽ ബസ് സർവീസുകളുണ്ടാകും. ഓണത്തിനുശേഷവും ഇതേമാതൃകയിൽ സർവീസ് നടത്തും.
ബോട്ട്
ജലഗതാഗതവകുപ്പിന്റെ എല്ലാ ബോട്ടുകളും കൃത്യമായി സർവീസ് നടത്തും. ആകെ ഒമ്പത് ബോട്ടുകളാണുള്ളത്. ഇതിൽ ഫോർട്ടുകൊച്ചി ഭാഗത്തേക്ക് നാല്, വൈപ്പിൻ ഭാഗത്തേക്ക് രണ്ട്, മുളവുകാട് ഒന്ന് എന്നിങ്ങനെയാണ് സർവീസ്. ഓണത്തിനോട് അനുബന്ധിച്ച് നിരവധി യാത്രക്കാർ ഫോർട്ടുകൊച്ചി, വൈപ്പിൻ ഭാഗത്തേക്ക് എത്താൻ സാദ്ധ്യതയുണ്ട്. ഇത് കണക്കിലാക്കി അതത് സമയങ്ങളിൽ ആവശ്യാനുസരണം സ്പെഷ്യൽ സർവീസ് നടത്തുമെന്ന് അധികൃതർ അറിയിച്ചു.
ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്ന് ആവശ്യാനുസരണം ബസ് സർവീസുകളുണ്ടാകും. യാത്രക്കാർക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാവില്ല. തിരുവോണത്തിനുശേഷവും ബസ് സർവീസ് ആവശ്യാനുസരണം നടത്തും.
ടോണി കോശി
ഡി.ടി.ഒ
എറണാകുളം