onam

മൂവാറ്റുപുഴ: വില കൂപ്പുകുത്തിയതോടെ ഓണ വിഭവങ്ങൾ തീർക്കുവാൻ നാടൻ പച്ചക്കറിയെ ആശ്രയിക്കുന്നവരുടെ എണ്ണം വർദ്ധിച്ചു. ഇതര സംസ്ഥാനങ്ങളിൽനിന്ന് എത്തുന്ന പച്ചക്കറികൾ ഒഴിവാക്കി നാടൻ ഇനങ്ങൾ വാങ്ങാനാണ് മിക്കവർക്കും താത്പര്യം. ഇത്തരക്കാരെ ലക്ഷ്യമിട്ട് കൃഷി ഭവനുകൾ പഞ്ചായത്ത് തോറും ഓണസമൃദ്ധി പച്ചക്കറി ചന്തകൾ തുറന്നിട്ടുണ്ട്. നാട്ടുമ്പുറങ്ങളിലെ സ്വന്തം കൃഷിയിടങ്ങളിൽ കർഷകർ ഉല്പാദിപ്പിച്ച പച്ചക്കറികൾ ഉയർന്ന വില നല്കി വാങ്ങി 30% സബ് സിഡി നൽകി കുറഞ്ഞനിരക്കിലാണ് കൃഷി ഭവൻ ചന്തകൾ വഴി വില്പന നടത്തുന്നത്. മാങ്ങയൊഴിച്ച് എല്ലാം വില്പനക്ക് എത്തിച്ചിട്ടുണ്ട്. സീസൺ അല്ലാത്തതിനാൽ നാട്ടുമ്പുറങ്ങളിൽ മാങ്ങ ലഭ്യമല്ല. തമിഴ് നാട്ടിൽ നിന്ന് വരുന്നതിനാൽ ഉയർന്ന വിപണി വിലയാണ് മാങ്ങയ്ക്ക്. പയർ, പാവക്ക, വെണ്ട, വഴുതന, ചേന, വെള്ളിരി, മത്തൻ, കുമ്പളം, തുടങ്ങിയവ നാട്ടുമ്പുറങ്ങളിൽ സമൃദമായി കിട്ടാനുണ്ട്. മൂന്നേകാൽ കിലോഗ്രാം തൂക്കം വരുന്ന സാമ്പാർ, അവിയൽ കിറ്റുകൾ നൂറുരൂപ നിരക്കിലാണ് ഇവിടെ വില്പന നടത്തുന്നത്. തിരുവോണം മുന്നിൽക്കണ്ട് സ്വതന്ത്ര കർഷക വിപണികളും സജീവമാണ്. സപ്ലൈകോ താലൂക്ക് അടിസ്ഥാനത്തിൽ മെഗാ പച്ചക്കറി ചന്തകളും തുറന്നിട്ടുണ്ട്.

നഗര വാസികളെ ലക്ഷ്യമിട്ട് തയ്യാറാക്കിയ ഓണവിഭവങ്ങളും വിപണിയിലെത്തി മുഖ്യമായും വിവിധ തരം പായസങ്ങളുടെ വില്പന അരങ്ങ് തകർക്കുന്നു ഗോതമ്പ്, അടപ്രദമൻ, പരിപ്പ്, പാലട പായസങ്ങൾ ലിറ്ററിന് 230 മുതൽ 300 രൂപവരെയാണ് വില കുടുംബശ്രീ അയൽക്കൂട്ടങ്ങളും വ്യാപകമായി പായസ വില്പനസ്റ്റാൾ തുറന്നിട്ടുണ്ട്  വീട്ടിൽ പാകപ്പെടുത്തിയ ചിപ്പ്സും ശർക്കരവരട്ടിയും അരിപലഹാരങ്ങളും വില്പനക്ക് എത്തിച്ചിട്ടുണ്ട്