
കൊച്ചി: ദേശീയ ജലപാതയുടെ ഭാഗമായ വർക്കല-കോവളം ടി.എസ്. കനാൽ പദ്ധതി ഫണ്ടില്ലെന്ന പേരിൽ ഉപേക്ഷിക്കാനുള്ള നീക്കത്തിനെതിരെ ഹൈക്കോടതിയിൽ ഹർജി. കൊല്ലം സ്വദേശി എം.കെ. സലീമിന്റെ പൊതുതാത്പര്യ ഹർജിയിൽ ആക്ടിംഗ് ചീഫ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ് അദ്ധ്യക്ഷനായ ബെഞ്ച് സർക്കാരടക്കമുള്ള എതിർകക്ഷികൾക്ക് നോട്ടീസയയ്ക്കാൻ ഉത്തരവായി. 15 വർഷം മുമ്പ് തുടങ്ങിയ കനാൽ നവീകരണത്തിന് 167കോടിയിലധികം ചെലവഴിച്ചെന്ന് വിവരാവകാശ രേഖയിൽ വ്യക്തമാണ്. തീർത്ഥാടന കേന്ദ്രങ്ങളും ടൂറിസം കേന്ദ്രങ്ങളുമുള്ള മേഖലയിൽ ജലഗതാഗത മാർഗം ഇല്ലാതായാൽ ഒട്ടേറെ പേരുടെ ഉപജീവനത്തെയും ബാധിക്കും. കനാൽ നവീകരണം സമയബന്ധിതമായി തീർക്കാൻ കോടതി നിർദ്ദേശം നൽകണമെന്നും പദ്ധതി രേഖകൾ വിളിച്ചുവരുത്തി പരിശോധിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. ഡിസംബർ 2ന് ഹർജി വീണ്ടും പരിഗണിക്കും.