മൂവാറ്റുപുഴ: കണ്ണമ്പുഴ റോഡ് അപകടക്കേസിൽ പിക്കപ് വാൻ ഡ്രൈവർ വാഴക്കുളം കറുകശേരിൽ വീട്ടിൽ റ്റോജി ജോസഫിന് മൂന്ന് വർഷം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. മൂവാറ്റുപുഴ അഡിഷണൽ ഡിസ്ട്രിക്ട് സെഷൻസ് കോടതി ജഡ്ജി ടോമി വർഗീസാണ് ശിക്ഷ വിധിച്ചത്. വാഴക്കുളം തലച്ചിറ വീട്ടിൽ അഭിലാഷ് (40) വാഹനമിടിച്ച് മരണപ്പെട്ട കേസിലാണ് വിധി. 2018 ഏപ്രിൽ 25നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പ്രതി റ്റോജി ജോസഫ് മൂവാറ്റുപുഴയിൽ നിന്ന് തൊടുപുഴ ഭാഗത്തേക്ക് പിക്കപ്പ് വാൻ ഓടിച്ചു പോകവെ കണ്ണമ്പുഴ പാലമെത്തുന്നതിനു മുമ്പായി വാഴക്കുളം ഭാഗത്ത് നിന്ന് വരികയായിരുന്ന അഭിലാഷിന്റെ മോട്ടോർ സൈക്കിളിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ അഭിലാഷ് മരണപ്പെടുകയും ബൈക്കിന്റെ പിറകിലിരുന്ന മകൻ ആദിത്യന് മാരകമായി പരുക്കേൽക്കുകയും ചെയ്തിരുന്നു. പിഴ അടച്ചാൽ ആ തുക മരണപ്പെട്ട അഭിലാഷിന്റെ ഭാര്യക്കും മകനും നൽകണമെന്നും കോടതി ഉത്തരവായി. വാഴക്കുളം പൊലീസ് സബ് ഇൻസ്പെക്ടർ വി. വിനുവാണ് പ്രതിക്കെതിരായ കുറ്റപത്രം സമ‌ർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ കെ.എസ്. ജ്യോതികുമാർ ഹാജരായി.