
മൂവാറ്റുപുഴ: ഗ്രന്ഥശാലദിനത്തിൽ വിവിധ മേഖലകളിൽ പ്രവർത്തനം വ്യാപിപ്പിച്ച് തലയുർത്തി നില്ക്കുകയാണ് ഈസ്റ്റ് വാഴപ്പിള്ളി പീപ്പീൾ ലൈബ്രറി. പായിപ്ര ഗ്രാമപഞ്ചായത്തിലെ അവികസിത മേഖലയായ ആട്ടായം പ്രദേശത്ത് അക്ഷരങ്ങളെ സ്നേഹിച്ചവരുടെ കൂട്ടായ്മയിൽ നിന്ന് 1974-ൽ പിറവിയെടുത്ത വായനശാലയാണ് പീപ്പിൾസ് ലൈബ്രറി ആൻഡ് റിക്രിയേഷൻ ക്ലബ്. ഇന്ന് മൂന്ന് നിലകളിലായി തലയുയർത്തിനിൽക്കുന്ന ഈ ഗ്രന്ഥാലയം എല്ലാവർക്കും എത്തിചേരാൻ കഴിയുന്ന പൊതുഇടമായി മാറിയിരിക്കുന്നു. അക്ഷരസേനാ പ്രവർത്തകർ പുസ്തകങ്ങൾ വീടുകളിൽ എത്തിച്ചുനൽകി വായനയെ പ്രോത്സാഹിപ്പിക്കുന്നു. വനിതാവേദി, ബാലവേദി, യുവജന വേദി, വയോജനവേദി എന്നിവ രൂപീകരിച്ച് പ്രവർത്തനം തുടങ്ങിയതിനാൽ ഗ്രാമീണരെ മുഴുവൻ വായനയുടെ ലോകത്തേക്ക് കൊണ്ടുവരുവാൻ കഴിയുന്നു. വായന ദിനത്തിൽ വ്യത്യസ്തമായ പരിപാടിയായ കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള ജൻശിക്ഷൻ സൻസ്ഥാൻ നടത്തുന്ന തയ്യൽ പരിശീലനം 40 വനിതകൾ പൂർത്തിയാക്കി. ലൈബ്രറി പ്രവർത്തനപരിധിയിലെ മുഴുവൻ ജനങ്ങളേയും കമ്പ്യൂട്ടർ സാക്ഷരരാക്കുന്നതോടൊപ്പം കമ്പ്യൂട്ടർ ഓപ്പറേഷൻ ക്ലാസും നടത്തുന്നു. ഇതോടൊപ്പം പ്ലംബിഗ്, ബ്യൂട്ടിഷൻ , ഇലക്ട്രീഷൻ കോഴ്സുകളും ഗ്രന്ഥശാലയിൽ ഉടൻ ആരംഭിക്കും,