കൊച്ചി: കൊച്ചിക്കായൽ ടൂറിസം ഇനി അടിപൊളി ആകും. ടൂറിസത്തെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ജി.സി.ഡി.എയുടെ (ഗ്രേറ്റർ കൊച്ചിൻ ഡെവലപ്‌മെന്റ് അതോറിറ്റി) ഏറ്റവും പുതിയ പദ്ധതിയായ ഫ്ലോട്ടിംഗ് ജെട്ടി ഉടനെത്തും. സ്വകാര്യ ബോട്ട് ടൂറിസത്തെ പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം. പദ്ധതിയുമായി ബന്ധപ്പെട്ട ചർച്ചകൾ നടന്നുവരികയാണ്. ബോട്ടുടമകളുമായുള്ള ചർച്ചകളാണ് ഇപ്പോൾ നടക്കുന്നത്. ഇതിനുശേഷം എസ്റ്റിമേറ്റും രൂപരേഖയും തയ്യാറാക്കി ടെൻഡർ ക്ഷണിക്കും. ഇതോടെ കായൽ ടൂറിസം സുരക്ഷിതവും ആകർഷകവുമാകും. വാക് വേയോട് ചേർന്നാവും ബോട്ട് ജെട്ടികൾ.
കോൺക്രീറ്റ് ജെട്ടികൾ കായലിന് അടിയിൽ പൈൽ ചെയ്ത് വേണം നിർമ്മിക്കാൻ. ഇതിന് വലിയ തുക ചെലവാകും. ഫ്‌ളോട്ടിംഗ് ജെട്ടികളാവുമ്പോൾ കുറഞ്ഞ ചെലവിൽ സുരക്ഷിതമായി പ്രവർത്തിക്കും. കുറേനാളുകളായി ജി.സി.ഡി.എയുടെ പരിഗണനയിലുള്ള പദ്ധതിയാണിത്. നിലവിൽ മറൈൻ ഡ്രൈവിൽ പ്രവർത്തിക്കുന്ന സ്വകാര്യ ടൂറിസ്റ്റ് ബോട്ടുകൾ താത്കാലികമായി കെട്ടിയുണ്ടാക്കിയ ജെട്ടിയിലാണ് അടുപ്പിക്കുന്നത്. ഇവ അപകടാവസ്ഥയിലാണ്. ഇത് പലതും മരത്തടികളിലാണ് നിർമ്മിച്ചിരിക്കുന്നത്. തടികൾ ദ്രവിച്ചാൽ വലിയ അപകടങ്ങളും ഉറപ്പാണ്.
പദ്ധതി ഈ വർഷം പൂർത്തീകരിക്കുക ലക്ഷ്യം
അഞ്ചുമുതൽ എട്ട് ജെട്ടികൾ വരെ നിർമ്മിക്കാനാണ് പദ്ധതി. രണ്ടുകോടിയോളം രൂപ ചെലവ് വരുമെന്നാണ് പ്രതീക്ഷ. ബോട്ടുടമകളിൽ നിന്ന് ചെറിയ യൂസർ ഫീ ഇടാക്കിയാവും നടത്തിപ്പ്. തുക പിന്നീട് തീരുമാനിക്കും. കൊച്ചി നഗരത്തിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ മറൈൻ ഡ്രൈവിൽ നിലവിൽ 60 ഓളം സ്വകാര്യ ടൂറിസ്റ്റ് ബോട്ടുകളാണ് സർവീസ് നടത്തുന്നത്. ഫ്‌ളോട്ടിംഗ് ജെട്ടികൾ വരുമ്പോൾ ടൂറിസ്റ്റുകളെ ആകർഷിക്കാനും സാധിക്കും. കൂടാതെ വേലിയേറ്റ വേലിയിറക്ക സമയത്ത് വെള്ളത്തിന്റെ അളവ് അനുസരിച്ച് ഉയരുകയും താഴുകയും ചെയ്യും. കൊച്ചി വാട്ടർ മെട്രോയ്ക്കും അത്യാധുനിക രീതിയിലുള്ള ഫ്‌ളോട്ടിംഗ് ജെട്ടിയാണ് ഉപയോഗിക്കുന്നത്.
അപകട രഹിതവും സുരക്ഷിതവുമായതാണ് ഫ്‌ളോട്ടിംഗ് ജെട്ടികൾ. ബഡ്ജറ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള പദ്ധതിയാണ്.
ഒരുവർഷത്തിനുള്ളിൽ നിർമ്മാണം പൂർത്തീകരിക്കും
ജി.സി.ഡി.എ അധികൃതർ