
കൊച്ചി: തിരുവോണത്തിന് നാടു പിടിക്കാൻ നെട്ടോട്ടമോടുന്ന മലയാളികളെ കൊള്ളയടിച്ച് അന്തർസംസ്ഥാന ബസ് സർവീസ് ലോബി. ബംംഗളൂരു, ചെന്നൈ, മൈസൂരു എന്നിവിടങ്ങളിൽ നിന്ന് ഇന്നലെ സ്പെഷ്യൽ സർവീസുകൾക്ക് 7000 രൂപ വരെ ഈടാക്കിയ ഏജൻസികളുണ്ട്. അവിട്ടം കഴിഞ്ഞാൽ തിരിച്ചുപോകാനും തിരക്കും കൊള്ളയും തുടരും.
കെ.എസ്.ആർ.ടി.സിയുടെ ഇന്നുവരെയുള്ള എല്ലാ സീറ്റുകളും മുഴുവനും ബുക്ക് ചെയ്തു. 1400- 1800 വരെയാണ് നിരക്ക്.
കെ.എസ്.ആർ.ടി.സിയും സ്പെഷ്യൽ സർവീസുകളുമായി രംഗത്തുണ്ട്. ഇന്നലെ ഉച്ചവരെ പത്തിലേറെ ബസുകൾ എറണാകുളത്തെത്തി. നിരവധി ബസുകൾ യാത്രകളിലാണ്. ഇവിടെ നിന്ന് മറ്റ് ജില്ലകളിലേക്ക് കണക്ഷൻ സർവീസുകളും ഒരുക്കിയിട്ടുണ്ട്. കണ്ണൂർ, കോഴിക്കോട്, മാനന്തവാടി, തിരുവനന്തപുരം, കൊല്ലം ജില്ലകളിലേക്കാണ് കൂടുതൽ ബസുകളും. മറ്റ് ജില്ലകളെ ബന്ധിപ്പിച്ചാണിവ. ആളുകൾ കൂടുതലായി എത്തുന്നതിനനുസരിച്ച് കൂടുതൽ കെ.എസ്.ആർ.ടി.സി ബസുകൾ ഓടിക്കും.
129 അധിക സർവീസുമായി
റെയിൽവേ
മലയാളികൾക്കായി സതേൺ റെയിൽവേ ട്രെയിനുകളുടെ സീറ്റുകൾ കൂട്ടി . സ്ഥിരം ട്രെയിനുകളിൽ അധിക കോച്ചുകൾ അനുവദിച്ചിട്ടുണ്ട്. ആവശ്യാനുസരണം 190 അധിക കോച്ചുകളാണ് റെയിൽവേ ലഭ്യമാക്കുന്നത്. വെയിറ്റിംഗ് ലിസ്റ്റിലുള്ളവർക്ക് സഹായകമായാണ് കൂടുതൽ കോച്ചുകൾ. 129 സ്പഷ്യൽ ട്രെയിനുകളും ഓണത്തിനോട്നബന്ധിച്ച് സർവീസ് നടത്തും. 1,48,200 അധികം പേർക്ക് ഇതോടെ യാത്ര ചെയ്യാനുള്ള സൗകര്യം ലഭിക്കും. 2023ൽ 52 ട്രെയിനുകളും 2022ൽ 22 ട്രെയിനുകളും മാത്രം അനുവദിച്ച സമയത്താണ് ഇത്തവണ 129 ട്രെയിനുകൾ അനുവദിച്ചിരിക്കുന്നത്.