
വൈപ്പിൻ: നായരമ്പലം പുത്തൻ കടപ്പുറത്തെ മണൽവാടയിൽ നാലായിരത്തിലേറെ താളിപ്പരത്തിക്കമ്പുകൾ നട്ടുപിടിപ്പിച്ച് വിദ്യാർത്ഥികൾ . കഴിഞ്ഞ മാസം 31ന് ആയിരത്തിലേറെ താളിപ്പരത്തിക്കമ്പുകൾ വിവിധ കോളേജിലെയും സ്‌കൂളിലെയും വിദ്യാർത്ഥികൾ നട്ടിരുന്നു. ഇവകൂടാതെയാണ് ഇപ്പോൾ നാലായിരത്തിലേറെ കമ്പുകൾ ഗ്രാസ്‌റൂട്ട് സംഘടനയുടെ നേതൃത്വത്തിലാണ് രാജഗിരി ബിസിനസ് സ്‌കൂളിലെ വിദ്യാർത്ഥികൾ നട്ടത്. തീരസംരക്ഷണത്തിനായാണ് കമ്പുകൾ നട്ടുപിടിപ്പിക്കുന്നത്.
രണ്ടാംഘട്ട നട്ടുപിടിപ്പിക്കൽ വാർഡ് അംഗം സി.സി. സിജി ഉദ്ഘാടനം ചെയ്തു. ഗ്രാസ്‌റൂട്ട് പ്രസിഡന്റ് കെ.ടി. ശ്രീരാജ്, ദിശി കൊച്ചുതറ, പരിസ്ഥിതി പ്രവർത്തകൻ ഐ.ബി മനോജ് എന്നിവർ പ്രസംഗിച്ചു.
1500 കണ്ടൽ തൈകൾ കൂടി പുത്തൻകടപ്പുറത്ത് നട്ടുപിടിക്കുമെന്ന് സംഘാടകർ അറിയിച്ചു.