
കൊച്ചി: ഇന്ന് ഇത്രാടപ്പാച്ചിൽ. പൊന്നോണം കെങ്കേമമാക്കാനുള്ള ഒരുക്കങ്ങൾ കലാശക്കൊട്ടിലാണ്. പച്ചക്കറി, പലവ്യഞ്ജനം, വസ്ത്രങ്ങൾ എന്ന് തുടങ്ങി സ്വർണം വരെ വാങ്ങാൻ നാടും നാഗരവുമെല്ലാം ഇന്ന് തിരക്കിലമരും.
ഇന്നലെ പൂരാട ദിനത്തിൽ
ബ്രോഡ്‌വേയിലെ പച്ചക്കറിമാർക്കറ്റിലും മേനക ജംഗ്ഷനിലെ ഫുട്പാത്തിലും വൻജനക്കൂട്ടമായിരുന്നു. ഇന്നും അത് തുടരും. നാടൻ പച്ചക്കറികളുമായി നാട്ടുചന്തകളും കവലകൾ തോറും പച്ചക്കറി സ്റ്റാളുകളുമുണ്ട്. ഓണത്തിന് ഒരു മാസം മുമ്പുവരെ ഉയർന്നുനിന്ന പച്ചക്കറി വില കുറഞ്ഞിട്ടുണ്ട്. തമിഴ്നാട്, ഗുണ്ടൽപ്പേട്ട്, മൈസൂർ എന്നിവിടങ്ങളി നിന്ന് ധാരാളം പച്ചക്കറികൾ എത്തിക്കഴിഞ്ഞു.
നാടൻ ഏത്തക്കായും ചെറുപഴവും വിപണിയിൽ കുറവാണ്. നാടനിലേറെയും തമിഴ്നാടനാണ്.
വൻകിട വസ്ത്രവ്യാപാര ശാലകളിലും ഷോപ്പിംഗ് മാളുകളും പ്രധാനപ്പെട്ട ഖാദി ഷോറുമുകളിലും സപ്ലൈകോ ഓണം ഫെയറിലുമെല്ലാം വൻ തിരക്കാണ്. പൊതുനിരത്തിലും ഇടറോഡുകളിലും ഇന്നലെയും വലിയ ഗതാഗതക്കുരുക്കുണ്ടായി. ഇന്ന് ഉത്രാടം പ്രമാണിച്ച് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഗതാഗത നിയന്ത്രണത്തിന് വൻ പൊലീസ് സന്നാഹവും
ക്രമീകരിച്ചിട്ടുണ്ട്.
അനധികൃത പാർക്കിംഗും ട്രാഫിക് നിയമലം ഘനങ്ങളും കർശനമായി നേരിടുമെന്നും അനധികൃതമായി വഴിയോരത്ത് പാർക്ക് ചെയ്യുന്ന വാഹനങ്ങൾ നീക്കുമെന്നും അധികൃതർ അറിയിച്ചു.
ഉത്രാടം മുതൽ ഓണനാളുകളിലെ സദ്യകൾ വിളമ്പാൻ നഗരങ്ങളിൽ വാഴയിലയുടെ ക്ഷാമമുണ്ട്. ഇന്നത്തെ ഉത്രാടച്ചന്തയിൽ വാഴയിലകൾക്കും പ്രിയമേറും.
എന്റെ മുല്ലേ....!
മൂന്ന് ദിവസം മുൻപ് മുല്ലപ്പൂവിന് വിപണി വില മുഴമൊന്നിന് 40 രൂപ...! ഇന്നലെ ഒറ്റദിവസം കൊണ്ട് ഒരു മുഴത്തിന് കൂടിയത് 60 രൂപ. ഒരു മുഴത്തിന്റെ വില 100രൂപ. ഇന്നും നാളെയും ഈ വില തുടരും. പൂരാടം, ഉത്രാടം ദിവസങ്ങളിലാണ് പൂവിപണിയിൽ തകൃതിയായ കച്ചവടം നടക്കുന്നത്. എറണാകുളം, നോർത്ത്, പാലാരിവട്ടം, തൃപ്പൂണിത്തുറ എന്നിവിടങ്ങളിലെല്ലാം പൂവിൽപനയ്ക്ക് വലിയ തിരക്കാണ്.
കിട്ടാനില്ല ഓണ സദ്യ...
ഓണസദ്യയ്ക്ക് ആവശ്യക്കാരേറെയാണെങ്കിലും ഉത്രാടം, തിരുവോണം ദിവസങ്ങളിലെ സദ്യ ഇതിനോടകം പലയിടത്തും ബുക്കിംഗ് പൂർത്തിയായി. തീ വിലയാണ് സദ്യക്ക്. ഒരിലക്ക് 450, 500, 550 അങ്ങനെ നീളും.. വിഭവങ്ങൾ കുടുന്നതിനനുസരിച്ച് വിലയും കൂടും.