
ആലുവ: ഓൺലൈൻ ടിക്കറ്റ് ബുക്കിംഗിൽ വൻവർദ്ധനവുണ്ടായതോടെ ആലുവ റയിൽവേ സ്റ്റേഷനിലെ റിസർവേഷൻ ടിക്കറ്റ് കൗണ്ടർ പൂട്ടി. പകരം സ്റ്റേഷനിലെ തത്സമയ ടിക്കറ്റ് കൗണ്ടറുകളിൽ ഒന്ന് റിസർവേഷൻ ടിക്കറ്റ് ബുക്കിംഗിനായി മാറ്റി. ഇതോടെ തത്സമയ ടിക്കറ്റ് കൗണ്ടറുകളിൽ തിരക്കേറി. സ്റ്റേഷനിൽ നേരിട്ടെത്തി ടിക്കറ്റ് ബുക്ക് ചെയ്തിരുന്നവരുടെ എണ്ണം 10 ശതമാനം മുതൽ 20 ശതമാനം വരെയായി ചുരുങ്ങിയതോടെയാണ് റിസർവേഷൻ കൗണ്ടർ പ്രവർത്തിച്ചിരുന്ന കെട്ടിടം പൂട്ടാൻ റെയിൽവേ ഡിവിഷൻ അധികൃതർ തീരുമാനിച്ചത്. ഇതേതുടർന്നാണ് രണ്ടാഴ്ചയോളമായി തത്സമയ ടിക്കറ്റ് കൗണ്ടറുകളിൽ ഒന്ന് റിസർവേഷൻ കൗണ്ടറാക്കിയത്. മൂന്ന് തത്സമയ ടിക്കറ്റ് കൗണ്ടറുകളാണ് ഇവിടെ ഉണ്ടായിരുന്നത്. മറ്റൊരു കെട്ടിടത്തിലാണ് റിസർവേഷൻ കൗണ്ടർ പ്രവർത്തിച്ചിരുന്നത്.
യാത്രക്കാർക്ക് വിശ്രമസൗകര്യം വർദ്ധിപ്പിക്കുന്നതിനാണ് റിസർവേഷൻ കൗണ്ടർ ഒഴിപ്പിക്കുന്നത്. ഇതിനായി റെയിൽവേ ഫണ്ടും അനുവദിച്ചിരുന്നു. നിർമ്മാണ പ്രവർത്തനം ആരംഭിക്കാനിരിക്കെയാണ് ആലുവ റെയിൽവേ സ്റ്റേഷനെ അമൃത ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി വികസന പദ്ധതികൾ നടപ്പാക്കാൻ റെയിൽവേ തീരുമാനിച്ചത്. ഇതോടെ നേരത്തെ നിശ്ചയിച്ച വികസന പദ്ധതി മുടങ്ങുമോയെന്ന ആശങ്കയുണ്ട്. ഓൺലൈൻ സൗകര്യം വർദ്ധിച്ചതോടെ ജീവനക്കാരുടെ എണ്ണം കുറക്കാനും റെയിൽവേ പദ്ധതിയിടുന്നുണ്ട്. വിരമിക്കുന്ന ജീവനക്കാർക്ക് പകരമായി പുതിയ നിയമനങ്ങൾ നടത്തുന്നില്ലെന്നാണ് ജീവനക്കാരുടെ ആക്ഷേപം.
നേരിട്ടെത്തി ടിക്കറ്റ് ബുക്ക് ചെയ്യുന്നവരുടെ എണ്ണം കുറഞ്ഞതോടെയാണ് വിശാലമായ സൗകര്യമുള്ള റിസർവേഷൻ കൗണ്ടർ കെട്ടിടം പൂട്ടി മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ റെയിൽവേ തീരുമാനിച്ചത് രണ്ട് ടിക്കറ്റ് കൗണ്ടറുകളും ടിക്കറ്റ് എടുക്കാൻ വരുന്നവർക്ക് ഇരിക്കാനും റിസർവേഷൻ ഫോറം പൂരിപ്പിക്കുന്നതിനും ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഇവിടെയുണ്ടായിരുന്നു തത്സമയ ടിക്കറ്റ് കൗണ്ടറിൽ മതിയായ സൗകര്യങ്ങളൊന്നുമില്ലെന്ന് ആക്ഷേപം റിസർവേഷൻ ഫോറം പൂരിപ്പിക്കുന്നതിനുള്ള സൗകര്യവുമില്ല
ആലുവ സംസ്ഥാനത്തെ പ്രധാന റെയിൽവേ സ്റ്റേഷനുകളിൽ ഒന്ന് ഇടുക്കി ജില്ലയുടെ ബോർഡിംഗ് സ്റ്റേഷനും ആലുവ വരുമാനത്തിന്റെ കാര്യത്തിലും ആലുവ മുന്നിൽ