road

ആലുവ: തകർന്ന് തരിപ്പണമായി കിടക്കുന്ന ആലുവ - പെരുമ്പാവൂർ കെ.എസ്.ആർ.ടി.സി റോഡ് സഞ്ചാരയോഗ്യമാക്കണം എന്നാവശ്യപ്പെട്ട് തുരുത്ത് സമന്വയ ഗ്രാമവേദി പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന് നിവേദനം നൽകി. തോട്ടുമുഖം, കുട്ടമ്മശേരി, ചാലാക്കൽ ഭാഗങ്ങളിൽ റോഡിൽ ടാറിംഗ് പൂർണമായി തകർന്നുകിടക്കുകയാണ്. ഇവിടെ അപകടങ്ങൾ പതിവാണ്. ഇരുചക്രവാഹന യാത്രക്കാരാണ് അപകടത്തിൽപ്പെടുന്നവരിൽ ഏറെയും. ദിവസവും വാഹനങ്ങളുടെ നീണ്ട നിരയും ഗതാഗത ക്കുരുക്കുമാണ്. വലിയ കുഴികളിൽ കാറുകളുടെയും മറ്റും അടിഭാഗം അടിക്കുന്നതും ആക്‌സിൽ ഒടിയുന്നതിനും പതിവാണ്.

ജലജീവൻ മിഷൻ പദ്ധതിക്കായി ഭൂഗർഭ പൈപ്പുകൾ സ്ഥാപിച്ച ശേഷവും വാട്ടർ അതോറിട്ടിയും പി.ഡബ്ല്യു.ഡിയും തമ്മിലുള്ള തർക്കമാണ് ടാറിംഗ് നീളാൻ കാരണമെന്നാണ് ആക്ഷേപം. റോഡ് അടിയന്തരമായി മികച്ച നിലവാരത്തിൽ റീ ടാറിംഗ് നടത്തി ഗതാഗത യോഗ്യമാക്കണമെന്ന് നിവേദനത്തിൽ സമന്വയ ഭാരവാഹികൾ ആവശ്യപ്പെട്ടു.