
കൊച്ചി: തിരുവോണത്തിന് ഹാൻവീവ് ഷോറൂമുകളിൽ കൈത്തറിക്കച്ചവടം പൊലിപ്പിക്കാൻ കണ്ണൻ രംഗത്തിറങ്ങിയിട്ട് ഇത് 35ാം വർഷം. 1989ൽ 18 രൂപ ശമ്പളത്തിൽ ദിവസക്കൂലിക്ക് എറണാകുളം ഹാൻവീവ് ഷോറൂമിൽ ജോലിക്ക് കയറിയതാണ് 63കാരനായ കെ.ജി.കൃഷ്ണൻനായരെന്ന കണ്ണൻ. പത്ത് വർഷം ദിവസക്കൂലിക്കാരനായി തുടർന്നു. പിന്നീട് ഓണക്കാലത്ത് മാത്രമായി സേവനം. എറണാകുളം നഗരത്തിലായിരുന്നു അന്ന് വീട്. ഇടതുരാഷ്ട്രീയം തലയ്ക്ക് പിടിച്ചകാലത്ത് സി.പി.എം.ജില്ലാ സെക്രട്ടറിയായിരുന്ന എ.പി.വർക്കിയാണ് താത്കാലിക ജോലി സംഘടിപ്പിച്ച് നൽകിയത്. ഒപ്പവും പിന്നീടും കയറിയ 72പേരെയും ഹാൻവീവ് സ്ഥിരമാക്കിയപ്പോഴും കണ്ണൻ അവഗണിക്കപ്പെട്ടു. എങ്കിലും അന്നും ഇന്നും എറണാകുളത്തെയും പ്രാന്തപ്രദേശങ്ങളിലെയും ഹാൻവീവ് ഷോറൂമുകളിലെ നിറസാന്നിദ്ധ്യമാണ് ഈ 63കാരൻ. ഈ ഓണക്കാലത്തും പതിവ് തെറ്റിച്ചില്ല. കെ.പി.സി.സി. ജംഗ്ഷനിലെ ഹാൻവീവ് ഷോറൂമിൽ ഇക്കുറിയും കണ്ണനുണ്ട്. 600 രൂപ ദിവസക്കൂലിക്ക്. ഈ വർഷത്തെ 23 ദിവസത്തെ സേവനം ഇന്ന് തീരും. ഇനി അടുത്ത വർഷവും ഓണത്തിന് ഏതെങ്കിലും ഹാൻവീവ് ഷോറൂമിൽ ഉണ്ടാകണമെന്നാണ് ആഗ്രഹമെന്നാണ് കൈത്തറി ഷർട്ടും മുണ്ടും മാത്രം ധരിക്കുന്ന കണ്ണൻ പറയുന്നത്. സഹകരണ ബാങ്ക് റിട്ട.ജീവനക്കാരി ടി.പി.അജിതകുമാരിയാണ് ഭാര്യ. അഡ്വ. ഹരികൃഷ്ണൻ, അർച്ചനാകൃഷ്ണൻ എന്നിവരാണ് മക്കൾ.