
മുവാറ്റുപുഴ: ആയവന പഞ്ചായത്തിലെ കടുംപിടി പാലം ഉൾപ്പെടെ 4 പാലങ്ങൾക്ക് നിർമ്മാണ അനുമതി ലഭിച്ചതായി ഡീൻ കുര്യാക്കോസ് എം.പി അറിയിച്ചു. പ്രധാനമന്ത്രി ഗ്രാം സഡക്ക് യോജനയിൽ ഉൾപ്പെടുത്തിയാണ് പദ്ധതികൾക്ക് അംഗീകാരമായത്. 4 പാലങ്ങൾക്ക് സെൻട്രൽ എംപവേർഡ് കമ്മിറ്റിയുടെ അന്തിമാനുമതിയാണ് ലഭിച്ചത്. ആകെ 18 കോടി 21 ലക്ഷം രൂപ ചെലവഴിക്കാനാണ് അനുമതി. 8 കോടി 67 ലക്ഷം രൂപയ്ക്കാണ് 110 മീറ്റർ നീളത്തിൽ കടുംപിടി പാലം പുനർനിർമ്മിക്കുക. ടെൻഡർ നടപടികൾ വേഗത്തിൽ ആരംഭിക്കുന്നതിന് ഉദ്യോഗസ്ഥർക്ക് എം.പി നിർദ്ദേശം നൽകി. വിശദമായ പദ്ധതി രേഖ സമർപ്പിച്ച് 2 വർഷം പിന്നിട്ടിട്ടുതിന് ശേഷമാണ് അന്തിമ അനുമതിയായത്. 2018 ലെ പ്രളയത്തിൽ നശിച്ച തോട്ടാഞ്ചേരി തൂക്ക് പാലത്തിന് പകരമാണ് ഈ പാലം നിർമ്മിക്കുന്നത്. ആദ്യം തൂക്കുപാലം പുനർ നിർമ്മിക്കുന്നതിനാണ് പദ്ധതി തയ്യാറാക്കിയത്. എന്നാൽ വാഹന ഗതാഗതം കൂടി സാദ്ധ്യമാകുന്ന കോൺക്രീറ്റ് പാലം വേണമെന്ന ആവശ്യം ഉയർത്തിയതിനെ തുടർന്നാണ് പാലത്തിന് വേണ്ടി ഡീൻ കുര്യാക്കോസ് എം.പി വിശദമായ പദ്ധതി റിപ്പോർട്ട് തയ്യാറാക്കി കേന്ദ്ര സർക്കാരിന് സമർപ്പിച്ചത്. തോട്ടഞ്ചേരി -കടുംപിടി പ്രദേശങ്ങളെ തമ്മിൽ ബന്ധിപ്പിച്ചാണ് പാലം നിർമ്മിക്കുന്നത്. അഴുത ബ്ലോക്കിലെ മ്ലാമല - മുസ്ലിം പള്ളിപ്പടി പാലം, തട്ടാംപറമ്പിൽ പാലം, ഇളംദേശം ബ്ലോക്കിലെ പുറത്തേക്കടവ് പാലം എന്നിവയാണ് അനുമതി ലഭ്യമായ മറ്റു പദ്ധതികൾ.