കൊച്ചി: പേര് ഫായീസ്. ഒരു വാട്സ്ആപ്പ് നമ്പർ. വെർച്വൽ അറസ്റ്റ് കേസിൽ പ്രത്യേകസംഘം അന്വേഷണം തുടങ്ങുമ്പോൾ ഇവയായിരുന്നു ആകെയുള്ള തുമ്പുകൾ. പ്രതിയെ ഏത് വിധേനയും പിടികൂടണമെന്ന നിശ്ചയദാർഢ്യമാണ് വെറും 11 ദിവസത്തെ ഓപ്പറേഷനെ വിജയത്തിലെത്തിച്ചത്.
നാലംഗ പൊലീസ് സംഘം പ്രധാനകണ്ണിയെ അവിശ്വസനീയമായ നീക്കങ്ങളിലൂടെയാണ് കേരളത്തിലെത്തിച്ചത്. മണിക്കൂറിർ നാലുകോടിരൂപ അക്കൗണ്ടിലേക്ക് എത്തുംവിധംവളർന്ന തട്ടിപ്പ് സംഘത്തിലെ പ്രധാനിയാണ് അറസ്റ്റിലായ പ്രിൻസ്. തന്ത്രപരമായി ഡൽഹി വിമാനത്താവളത്തിൽ എത്തിച്ചെങ്കിലും തന്നെ തട്ടിക്കൊണ്ടുപോകുകയാണെന്ന് ഇയാൾ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥരോട് കളവ് പറഞ്ഞെങ്കിലും വിജയിച്ചില്ല. സിവിൽ ഏവിയേഷൻ ഡയറക്ടർ ജനറലിനെ നേരിൽക്കണ്ട് കാര്യങ്ങൾ വിശദീകരിച്ച് നിജസ്ഥിതി ബോദ്ധ്യപ്പെടുത്തുകയായിരുന്നു.
* വെർച്വൽ അറസ്റ്റ് ഓപ്പറേഷൻ ഇങ്ങനെ
• സീൻ 1
ജാമ്യത്തിലിറങ്ങിയ മുഹമ്മദ് ഷാഹിദിനെ (ഹബീബി) കസ്റ്റഡിയിലെടുത്ത പ്രത്യേകസംഘം ഇയാളെ സി.ബി.ഐ മോഡലിൽ ചോദ്യംചെയ്തു. മലയാളികളുടെ ബാങ്ക് അക്കൗണ്ടുകൾ പണംനൽകി കൈക്കലാക്കിയശേഷം ഇവയെല്ലാം പ്രിൻസിന് കൈമാറുന്നതായിരുന്നു ഇയാളുടെ ജോലി. ഇതിലേക്ക് വരുന്ന തട്ടിപ്പ് പണത്തിന്റെ ഒരുവിഹിതം ഷാഹിദിനും അക്കൗണ്ട് ഉടമയ്ക്കും ലഭിച്ചിരുന്നു. തുടർന്ന് ഹബീബിയെ കരുവാക്കി അന്വേഷണസംഘം ഡൽഹിക്ക് തിരിച്ചു.
• സീൻ 2
ഡൽഹിയിലെത്തിയ സംഘം ഷാഹിദ് മുഖേനെ പ്രിൻസുമായി കൂടിക്കാഴ്ചയ്ക്ക് കളമൊരുക്കി. ആദ്യരണ്ട് ദിവസം നീക്കം വിഫലമായി. ബൗൺസർമാർ ഒപ്പമുള്ളതിനാൽ നേരിട്ട് പിടികൂടുക എളുപ്പമായിരുന്നില്ല. അന്വേഷണത്തിന്റെ ഒമ്പതാംനാളാണ് പ്രിൻസിനെ കണ്ടെത്താൻ അന്വേഷണ സംഘത്തിനായത്. ഡൽഹിയിലെ മാളിൽ ഒറ്റയ്ക്ക് കോഫി കുടിക്കാൻ എത്തിയപ്പോഴാണ് ഇയാളെ അറസ്റ്റുചെയ്തത്. പാർക്കിംഗിൽവച്ച് പ്രിൻസിനെ ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തുകയായിരുന്നു.
• സീൻ 3
സെക്കൻഡുകൾക്കുള്ളിൽ പ്രിൻസിനെ പൊലീസ് കാറിനുള്ളിലാക്കി. ഇയാളുടെ മൊബൈൽഫോൺ ഡ്രൈവറുടൈ കൈവശമായിരുന്നു. എ.എസ്.ഐ ഷാജി ഇയാളെ പിന്തുടർന്ന് പിടികൂടിയപ്പോഴേക്കും പൊലീസ് സംഘം കാറുമായി പുറപ്പെട്ടു. ആൾക്കൂട്ടത്തിനിടെ ഒറ്റപ്പെട്ട ഷാജിയെ തിരഞ്ഞെത്തിയ പൊലീസ് സംഘം സിനിമാസ്റ്റൈലിൽ ഒപ്പംകൂട്ടി. തട്ടിപ്പിനായി ഉപയോഗിച്ച രണ്ട് മൊബൈലുകൾ പ്രിൻസ് ഒളിപ്പിച്ചെന്ന് പിന്നീട് തിരിച്ചറിഞ്ഞപ്പോൾ വീണ്ടും ഇതേസ്ഥലത്തെത്തി ചെടികൾക്കിടയിൽനിന്ന് കണ്ടെത്തി.
• സീൻ 4
പിടിയിലായതിന് പിന്നാലെ രക്ഷപ്പെടാൻ പ്രിൻസ് ലക്ഷങ്ങൾ വാഗ്ദാനംചെയ്തു. എല്ലാം ശരിയാക്കാമെന്ന് വിശ്വസിപ്പിച്ചതോടെ സഹകരിക്കാൻ തുടങ്ങി. പക്ഷേ വിമാനത്താവളത്തിൽ എത്തിയപ്പോൾ കാര്യങ്ങൾ ഏതാണ്ട് പ്രിൻസിന് മനസിലായി. തുടർന്നാണ് ഇയാൾ തട്ടിക്കൊണ്ടുപോകൽ നാടകം കളിച്ചത്.