y

തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ- വൈക്കം റോഡിൽ ഹിൽപാലസ് പൊലീസ് സ്റ്റേഷന് സമീപം പഞ്ചറായ ടോറസ് ലോറിയുടെ ടയർ മാറ്റാൻ ശ്രമിക്കുന്നതിനിടെ കാറിടിച്ച് ലോറി ഉടമയുടെ അനുജൻ മരിച്ചു. വൈക്കം തലയാഴം കുമ്മംകോട്ട് ലതീഷ്ബാബുവാണ് (43) മരിച്ചത്. വ്യാഴാഴ്ച രാത്രി 12.30 ഓടെയായിരുന്നു അപകടം. കാറോടിച്ചിരുന്ന ഉദയംപേരൂർ അരയശേരി അമ്പലത്തിന് സമീപം കണ്ണൻചേരി വീട്ടിൽ വിനോദിനെ (52) ഹിൽപാലസ് പൊലീസ് അറസ്റ്റുചെയ്തു. ഇയാൾ റിമാൻഡിലാണ്.

തൃപ്പൂണിത്തുറ ഭാഗത്തുനിന്ന് വൈക്കം ഭാഗത്തേയ്ക്ക് പോയ ടോറസ് ലോറിയുടെ ടയർ പഞ്ചറായതിനെത്തുടർന്ന് ടയർമാറ്റാൻ ലിവറുമായി എത്തിയതായിരുന്നു ലതീഷ്. ടയർമാറ്റാനുള്ള ശ്രമത്തിനിടെ അമിത വേഗതയിലെത്തിയ കാറിടിക്കുകയായിരുന്നു. കാർ ഡ്രൈവർ മദ്യപിച്ചിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ലതീഷിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് കൈമാറി. ഭാര്യ: ജിഷ. മക്കൾ: പ്രണവ്, ഭവ്യലക്ഷ്മി.