thevara

കൊച്ചി​: കുണ്ടന്നൂർ - തേവര പാലത്തി​ന്റെ ടാറിംഗ് പണി​ തി​രുവോണ അവധി​ക്ക് ശേഷം ആരംഭി​ക്കും. സർക്കാർ അഭി​ഭാഷകന്റെ ഉറപ്പ് കണക്കി​ലെടുത്ത് ചീഫ് ജസ്റ്റി​സ് മുഹമ്മദ് മുഷ്താക്കും എസ്.മനുവും ഉൾപ്പെട്ട ഹൈക്കോടതി​ ഡി​വി​ഷൻ ബെഞ്ച് കേസ് തീർപ്പാക്കി​. മരട് നഗരസഭ മുൻ വൈസ് ചെയർമാൻ ബോബൻ നെടുമ്പറമ്പി​ലി​ന്റെ ഹർജി​യാണ് ഹൈക്കോടതി​ പരി​ഗണി​ച്ചത്. ജി​ല്ലാ കളക്ടറും സംസ്ഥാന സർക്കാരും ദേശീയപാത അതോറി​റ്റി​യും കരാർ കമ്പനി​യുമായി​യി​രുന്നു എതി​ർകക്ഷി​കൾ.

സമയബന്ധി​തമായി​, ഉന്നതനി​ലവാരത്തി​ൽ ശാസ്ത്രീയമായി​ പണി​ നി​ർവഹി​ക്കണമെന്നുമായി​രുന്നു പൊതുതാത്പര്യ ഹർജി​യി​ലെ ആവശ്യം. ഹർജി​ക്കാരന്റെ ആവശ്യം ന്യായമാണെന്ന് ഉത്തരവി​ൽ പറയുന്നു. കരാറുകാരൻ അറ്റകുറ്റപ്പണി​കൾക്കായി​ കുഴി​യടക്കലും മറ്റും ചെയ്തു കഴി​ഞ്ഞെന്നും ഓണം അവധി​ കഴി​ഞ്ഞാലുടൻ ജർമ്മൻ സാങ്കേതി​ക വി​ദ്യ ഉപയോഗി​ച്ച് പണി​ പൂർത്തി​യാക്കുമെന്നുമുള്ള സർക്കാർ വക്കീലി​ന്റെ ഉറപ്പ് വി​ശ്വസത്തി​ലെടുത്ത് ഡി​വി​ഷൻ ബെഞ്ച് ഹർജി​ തീർപ്പാക്കുകയായി​രുന്നു. പോരായ്മകളുണ്ടായാൽ ഹർജി​ക്കാരന് വീണ്ടും കോടതി​യെ സമീപി​ക്കാമെന്ന് ഉത്തരവി​ൽ വ്യക്തമാക്കി​യി​ട്ടുണ്ട്.

ഇക്കഴിഞ്ഞ ജൂലായ് മാസത്തിലാണ് രണ്ടു ദിവസം അടച്ചടിട്ട് മരട് കുണ്ടന്നൂർ പാലത്തിൽ അറ്റകുറ്റപ്പണികൾ നടത്തിയത്. ജൂലായ് 23ന് പാലം തുറന്നെങ്കിലും അന്ന് തന്നെ അറ്റകുറ്റപ്പണി കബളിപ്പിക്കലാണെന്നും പകുതി കുഴികൾ അടച്ചില്ലെന്നും പരാതി ഉയർന്നിരുന്നു. ഒറ്റമഴയി​ൽ ടാറിംഗ് കുളമായി​. ഇപ്പോഴും ദയനീയാവസ്ഥയി​ലാണ്​ റോഡ്. റോഡ് തകർന്നതി​നാൽ മണി​ക്കൂറുകളുടെ ഗതാഗതക്കുരുക്കായി​രുന്നു ഇവി​ടെ അനുഭവപ്പെട്ടി​രുന്നത്.

സർക്കാർ ഇടപെടൽ വരെ...

അറ്റകുറ്റപ്പണിയുമായി ബന്ധപ്പെട്ട് മാദ്ധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും പരക്കെ ഉയർന്നുവന്ന ആക്ഷേപങ്ങൾ പരിശോധിക്കാൻ പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ദേശീയപാത വിഭാഗം ചീഫ് എൻജിനിയർക്ക് ജൂലായ് 23ന് തന്നെ നിർദ്ദേശം നൽകി. അറ്റകുറ്റ പണിയിൽ അപാകത സംഭവിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാനായിരുന്നു നിർദ്ദേശം. ശരിയായ രീതിയിൽ യാത്രക്കാർക്ക് ബുദ്ധിമുട്ടില്ലാതെ അറ്റകുറ്റപ്പണി നടത്തി ഗതാഗത യോഗ്യമാക്കാനും അന്ന് മന്ത്രി നിർദ്ദേശം നൽകി. മഴ പൂർത്തിയാകുന്നതോടെ ഓവർലേ പ്രവൃത്തികൾ ക്രമീകരിക്കാനായിരുന്നു മന്ത്രിയുടെ നിർദ്ദേശം.